മൂന്നാർ: വാഹനത്തിരക്കിൽ വലഞ്ഞ് മൂന്നാർ. സഞ്ചാരികളും ദുരിതത്തിൽ. കഴിഞ്ഞ മൂന്നുദിവസമായി അഭൂതപൂർവമായ സന്ദർശക തിരക്കാണ് മൂന്നാറിൽ. റോഡുകളെല്ലാം വാഹനങ്ങളെക്കൊണ്ട് നിറഞ്ഞു. പാർക്കിങ് സൗകര്യം തീരെ അപര്യാപ്തമായ ടൗണിൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ശനിയാഴ്ച വൈകീട്ട് ഏഴ് കിലോമീറ്റർ ദൂരെ പള്ളിവാസൽ മുതൽ ഗതാഗതക്കുരുക്ക് ദൃശ്യമായിരുന്നു. ഗതാഗത നിയന്ത്രണത്തിന് മതിയായ പൊലീസ് ഇല്ലാത്തതാണ് കുരുക്കിന് പ്രധാന കാരണം. പൊതുവെ വീതി കുറഞ്ഞവയാണ് മൂന്നാറിലെ റോഡുകൾ.
അവയുടെ ഇരുവശവും വാഹനങ്ങൾ നിർത്തിയിടുകകൂടി ചെയ്യുന്നത് കുരുക്ക് രൂക്ഷമാക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ മാട്ടുപ്പെട്ടി, മറയൂർ റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. മാട്ടുപ്പെട്ടി റോഡിലെ റോസ് ഗാർഡൻ, ഫോട്ടോ പോയന്റ്, ഇക്കോ പോയന്റ് എന്നിവിടങ്ങളിലും മറയൂർ റൂട്ടിൽ രാജമലയുടെ പ്രവേശന കവാടമായ അഞ്ചാം മൈലിലും വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ടു. ഈ പ്രദേശത്തൊന്നും ഡ്യൂട്ടിക്ക് പൊലീസിനെ നിയോഗിച്ചിട്ടില്ല. തിങ്കളാഴ്ച പുഷ്പമേള ആരംഭിക്കുന്നതിനാൽ സഞ്ചാരികളുടെ ഒഴുക്ക് ഇനിയും വർധിക്കും. മതിയായ പൊലീസിനെ വിന്യസിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലെങ്കിൽ സഞ്ചാരികൾ ദുരിതത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.