തൊടുപുഴ: 140 കിലോമീറ്ററിലധികമുള്ള റൂട്ടുകളിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് താൽക്കാലികമായി പെർമിറ്റ് അനുവദിച്ചുള്ള സർക്കാർ ഉത്തരവ് ജില്ലക്ക് ആശ്വാസമാകും.നാല് മാസത്തേക്ക് താൽക്കാലിക പെർമിറ്റ് അനുവദിക്കാനാണ് തീരുമാനം. ഇതോടെ ജില്ലയിൽ 80 ബസിന്റെ പെർമിറ്റ് പുനഃസ്ഥാപിക്കപ്പെടും.
പെർമിറ്റ് പുതുക്കി നൽകേണ്ടെന്ന സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റ്യൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് കത്ത് നൽകിയിരുന്നു. തുടർന്ന് മന്ത്രിയുടെ ഇടപെടലിലാണ് പ്രശ്നത്തിൽ അനുകൂല തീരുമാനം ഉണ്ടായത്. പെർമിറ്റ് പുതുക്കേണ്ട എന്ന തീരുമാനം ഇടുക്കിയിൽ യാത്രക്ലേശം രൂക്ഷമാക്കിയതായി മന്ത്രി റോഷി അഗസ്റ്റ്യൻ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പെർമിറ്റ് റദ്ദാക്കാനുള്ള തീരുമാനം മറയൂർ, കാന്തല്ലൂർ, കോവിലൂർ, സൂര്യനെല്ലി, കുമളി, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള യാത്രക്കാരെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി വളരെ കുറച്ച് സർവിസ് മാത്രമാണ് നടത്തുന്നത്.
അതുകൊണ്ടുതന്നെ ഇവിടങ്ങളിലുള്ളവർ കൂടുതലും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. ഇവ ഇല്ലാതാകുന്നത് സ്കൂൾ-കോളജ് വിദ്യാർഥികളെയും രാത്രി യാത്രക്കാരെയുമടക്കം ദുരിതത്തിലാക്കിയെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. തുടർന്ന് മന്ത്രി ആന്റണി രാജു അടിയന്തരമായി പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.