തൊടുപുഴ: കനത്ത വേനൽചൂടും വിദ്യാർഥികളുടെ പരീക്ഷയും പാരമ്യത്തില്‍ നില്‍ക്കേ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം കടുത്ത ദുരിതത്തിലാക്കുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വൈദ്യുതി മുടങ്ങുന്നത് മൂലം ജനം വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
മുന്നറിയിപ്പില്ലാതെയാണ് തൊടുപുഴയിലും സമീപ പഞ്ചായത്തുകളിലുമൊക്കെ കെ.എസ്.ഇ.ബി അധികൃതര്‍ വൈദ്യുതി വിച്ഛേദിക്കുന്നത്. എസ്.എസ്.എൽ.സി ഉള്‍പ്പെടെയുള്ള പൊതുപരീക്ഷകള്‍ നടക്കുന്നതിനിടെയാണ് വിദ്യാര്‍ഥികളെ ഉള്‍പ്പെടെ ബുദ്ധിമുട്ടിക്കുന്ന വൈദ്യുതി ബോര്‍ഡിന്റെ ജനദ്രോഹ നടപടി. രാത്രിയും പകലും കനത്ത ചൂടാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. ഫാനോ എ.സിയോ ഇല്ലാതെ വീടുകളിലോ ഓഫിസുകളിലോ കഴിയാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. വലിയ സ്ഥാപനങ്ങളില്‍ ജനറേറ്ററും മറ്റും ഉണ്ടെങ്കിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ഇത്തരം സംവിധാനങ്ങളില്ല. രാത്രി സമയം വൈദ്യുതി മുടങ്ങിയാല്‍ വീടുകളില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. പരീക്ഷകള്‍ നടന്നു വരുന്നതിനിടെ വൈദ്യുതി മുടക്കം പതിവായത് വിദ്യാര്‍ഥികളുടെ പഠനത്തെയെയും കാര്യമായി ബാധിക്കുന്നുണ്ട്.
കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസുകളുടെ കീഴില്‍ വാര്‍ഷിക അറ്റകുറ്റപ്പണിയുടെ പേരില്‍ പകല്‍ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇത്തരം ജോലികളെല്ലാം തന്നെ നാളുകള്‍ക്കു മുമ്പേ പൂര്‍ത്തിയായതാണ്. കാറ്റും മഴയും ഇല്ലാത്തതിനാല്‍ ഇതുമൂലമുള്ള ലൈന്‍ തകരാറുകളും നിലവിലില്ല. എന്നാല്‍, ദിനംപ്രതിയുള്ള വൈദ്യുതി മുടക്കം മാറ്റമില്ലാതെ തുടരുകയാണ്. കാരണമന്വേഷിച്ച് ഓഫിസുകളില്‍ വിളിച്ചാല്‍ കൃത്യമായ മറുപടിയുമില്ല.
ചെറുകിട വ്യവസായ യൂനിറ്റുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍, സ്റ്റുഡിയോ, കോള്‍ഡ് സ്റ്റോറേജുകള്‍, ഐസ്ക്രീം, ജൂസ് പാര്‍ലറുകള്‍, ഹോട്ടലുകള്‍, പ്രിന്റിങ് പ്രസ്, ഫോട്ടോസ്റ്റാറ്റ് സ്ഥാപനങ്ങള്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ വൈദ്യുതി മുടക്കം മൂലം പ്രതിസന്ധിയിലാണ്. വൈദ്യുതി മുടക്കത്തിനു പുറമെ വോള്‍ട്ടേജ് വ്യതിയാനവും ഉപഭോക്താക്കളെ വലയ്ക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.