തൊടുപുഴ: മീറ്റർ റീഡിങ്ങിൽ കൃത്രിമം കാട്ടി വൈദ്യുതി ബിൽ ഇനത്തിൽ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി കെ.എസ്.ഇ.ബി. സംഭവത്തിൽ മീറ്റർ റീഡിങ് എടുത്തിരുന്ന കരാർ ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും തൊടുപുഴ സെക്ഷൻ-1 ഓഫിസിന് കീഴിലെ സീനിയർ സൂപ്രണ്ടിനെയും സീനിയർ അസിസ്റ്റന്റിനെയും സസ്പെൻഡ് ചെയ്യുകയും ചെയ്തു.
അടുത്തിടെ തൊടുപുഴ സെക്ഷൻ-വണിലെ മീറ്റർ റീഡർമാരെ പരസ്പരം സ്ഥലംമാറ്റിയിരുന്നു. പുതിയ ജീവനക്കാരൻ റീഡിങ് എടുത്തപ്പോൾ ചില മീറ്ററുകളിലെ റീഡിങ്ങിൽ വലിയ വ്യത്യാസം കണ്ടെത്തി.
ശരാശരി 2000 രൂപ വന്നിരുന്ന വീട്ടിൽ 35000 രൂപ വരെയായി ബിൽ കുത്തനെ ഉയർന്നു. കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളുടെ ബില്ലിലാണ് ഇത്തരത്തിൽ വർധന കണ്ടെത്തിയത്. 140ഓളം ഉപഭോക്താക്കളുടെ ബിൽ ഇത്തരത്തിൽ വർധിച്ചു. സംഭവം വ്യാപക പരാതിക്കിടയാക്കിയതോടെ ഇതിന് മുമ്പ് പ്രദേശത്ത് മീറ്റർ റീഡിങ് എടുത്തിരുന്ന കരിമണ്ണൂർ സ്വദേശിയായ യുവാവിനെ ചോദ്യംചെയ്തപ്പോൾ ഇയാൾ റീഡിങ്ങിൽ കൃത്രിമം കാണിച്ചിരുന്നെന്ന് സമ്മതിച്ചു. യഥാർഥ റീഡിങ്ങിനെക്കാൾ കുറച്ചായിരുന്നു വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ എന്തിനു വേണ്ടിയാണ് കൃത്രിമത്വം കാണിച്ചതെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. അന്വേഷണം കെ.എസ്.ഇ.ബി വിജിലൻസിന് കൈമാറി. ക്രമക്കേട് കണ്ടെത്തിയ ഉപഭോക്താക്കളുടെ മീറ്ററുകൾ കെ.എസ്.ഇ.ബിയുടെ വാഴത്തോപ്പിൽനിന്നുള്ള പ്രത്യേക സ്ക്വാഡ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.