തൊടുപുഴ: നഗരസഭയില്‍ മാലിന്യ നീക്കവും സംസ്കരണവും നിലച്ചതോടെ നഗരത്തിന്റെ ആളൊഴിഞ്ഞ ഇടങ്ങളിൽ മാലിന്യം വ്യാപകമാകുന്നതായി പരാതി. മാസങ്ങളായി തൊടുപുഴ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളില്‍ നിന്നുമുള്ള ജൈവമാലിന്യം ശേഖരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.
പട്ടണത്തിലെ പച്ചക്കറി മാര്‍ക്കറ്റില്‍ മാത്രം ഓരോ ദിവസവും കുറഞ്ഞത് മൂന്ന് ടണ്‍ ജൈവ മാലിന്യമാണ് പുറന്തള്ളപ്പെടുന്നത്. തൊടുപുഴ വെസ്റ്റ്മാര്ക്കറ്റിലെ പച്ചക്കറി മാലിന്യം അവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബയോഗ്യാസ് പ്ലാന്റില്‍ സംസ്കരിച്ചിരുന്നതാണ്. എന്നാല്‍ ദിവസേന 2000 കിലോ സംസ്കരണശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തനരഹിതമായി. പ്ലാന്റിന്റെ തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ പകുതിയോളം മാലിന്യം അവിടെത്തന്നെ സംസ്കരിക്കാന്‍ കഴിയും. ബാക്കി മാലിന്യം ശേഖരിക്കുന്നത് സംസ്കരിക്കാന്‍ അടിയന്തര നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്.
ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തനരഹിതമാകുകയും മാലിന്യനീക്കം നിര്‍ത്തിവെക്കുകയും ചെയ്തത് പട്ടണത്തില്‍ പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടുന്നതിന് ഇടയാക്കിയിട്ടുണ്ട്. തൊടുപുഴ മാര്‍ക്കറ്റിലും സമീപത്തെ വിജനമായ പുരയിടത്തിലും ഉള്‍പ്പെടെ ടണ്‍ കണക്കിന് മാലിന്യം കുന്നുകൂടിയത് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നുണ്ട്.
തൊടുപുഴ നഗരം വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികള്‍ ദിവസേന ശേഖരിക്കുന്ന മാലിന്യങ്ങളും നീക്കാനാകാത്ത സ്ഥിതിയാണ്. ഇവ പരസ്യമായി കത്തിക്കുകയാണ് ചെയ്യുന്നത്. ഈ മാലിന്യത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഈ മാലിന്യം കത്തിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. പാറക്കടവിലെ ഡമ്പിങ് യാര്‍ഡില്‍ ജൈവമാലിന്യ സംസ്കരണത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷെഡ് നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ അവിടെ സംസ്കരണം ആരംഭിച്ചിട്ടില്ല. അവിടെ സംസ്കരണം ആരംഭിക്കുകയും പട്ടണത്തിലെ ജൈവ മാലിന്യം നീക്കുകയും ചെയ്താല്‍ മാത്രമേ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കഴിയൂവെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും മുനിസിപ്പല്‍ കൗണ്‍സിലറുമായ അഡ്വ. ജോസഫ് ജോണ്‍ പറഞ്ഞു.
ഇത്ര ഗുരുതരമായ പ്രതിസന്ധി ഉണ്ടായിട്ടും നഗരസഭ നേതൃത്വം പ്രശ്നപരിഹാരത്തിന് നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. മാലിന്യ നീക്കത്തില്‍ നഗരസഭ അടിയന്തര നടപടി സ്വീകരിക്കുകയും പകര്‍ച്ചവ്യാധികളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.