തൊടുപുഴ: 81ാാം വയസ്സിലും നിയമത്തിെൻറ കുരുക്കഴിക്കുകയാണ് തോമസ് വക്കീൽ. തൊടുപുഴ ബാറിലെ കെ.ടി. തോമസിന് അഭിഭാഷക വൃത്തിയിൽ 60 ആണ്ട് പൂർത്തിയാകാൻ ഇനി ഒരുവർഷം മാത്രം. ആലക്കോട് കക്കുഴിയിൽ കെ.ടി. തോമസ് 1962 നവംബർ 22നാണ് വക്കീലായി എൻറോൾ ചെയ്തത്. പാല സെൻറ് തോമസ് കോളജിൽനിന്ന് രാഷ്ട്ര മീമാംസയിൽ ബി.എ പാസായശേഷം എറണാകുളം ലോ കോളജിൽനിന്ന് ബി.എൽ കരസ്ഥമാക്കി. അക്കാലത്ത് നിയമബിരുദ കോഴ്സ് ഏതെങ്കിലും വിഷയത്തിൽ ബിരുദത്തിനുശേഷം രണ്ടുവർഷമാണ്.
പിന്നീട് ബിരുദം നേടിയശേഷം ഒരു സീനിയർ വക്കീലിന് കീഴിൽ ഒരുവർഷം പരിശീലനം നേടണമെന്ന നിയമം വന്നു. ശേഷമാണ് സനദ് കിട്ടുക. എന്നാൽ, കെ.ടി. തോമസിന് ഒരുവർഷ പരിശീലനം വേണ്ടിവന്നില്ല. നിയമം വന്നെങ്കിലും അദ്ദേഹം പസാകുന്ന സമയത്ത് ചട്ടങ്ങൾ ഉണ്ടാക്കിയിരുന്നില്ല. അന്ന് കേരളത്തിൽ രണ്ട് ലോ കോളജുകൾ മാത്രം. തിരുവനന്തപുരത്തും എറണാകുളത്തും. നിയമബിരുദമെടുത്തശേഷം തൊടുപുഴയിലെ അക്കാലത്തെ പ്രശസ്ത അഭിഭാഷകൻ ദേവസ്യ കാപ്പന് കീഴിലാണ് തുടക്കം. അന്ന് ജില്ലയിൽ തൊടുപുഴ, പീരുമേട്, ദേവികുളം എന്നിങ്ങനെ മൂന്ന് കോടതികളേ ഉള്ളൂ. കൂത്താട്ടുകുളം തൊടുപുഴ കോടതിക്ക് കീഴിലായിരുന്നു. തൊടുപുഴയിൽ ആകെ ഉണ്ടായിരുന്നത് 20 അഭിഭാഷകർ. പൊലീസിലും മൂന്ന് സർക്കിളുകളായിരുന്നു. തൊടുപുഴ സർക്കിളിന് കീഴിലായിരുന്നു മുവാറ്റുപുഴ. തൊടുപുഴയിൽ പ്രാക്ടീസ് തുടരുന്നതിനിടെ മജിസ്ട്രേറ്റായി നിയമനം ലഭിച്ചെങ്കിലും തോമസ് അത് നിരസിച്ചു. മികച്ച അഭിഭാഷകനായി പേരെടുത്തതോടെ നിയമസഭ സ്ഥാനാർഥിയാകാൻ ഒന്നിലധികം തവണ ക്ഷണം വന്നെങ്കിലും സ്വീകരിച്ചില്ല.
ഇങ്ങനെയൊക്കെ ആണെങ്കിലും അദ്ദേഹത്തിെൻറ വീടിന് മുന്നിൽ ഇപ്പോഴും വക്കീലിെൻറ ബോർഡില്ല. പീരുമേട്ടിൽ എസ്റ്റേറ്റ് കാര്യസ്ഥൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട കേസിൽ പ്രതികളാക്കപ്പെട്ടവർക്കുവേണ്ടി കേസ് വാദിച്ച് വിജയിച്ചത് അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കി. തോട്ടം ഉടമക്ക് വിരോധമുള്ള രണ്ടുപേരെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതികളാക്കുകയായിരുന്നെന്ന് തോമസ് പറഞ്ഞു. കേസിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദികൾക്കുവേണ്ടി നേരിട്ട് ഹാജരായിരുന്നു. തൊടുപുഴയിലെ ഏറ്റവും മുതിർന്ന അഭിഭാഷകനായ കെ.ടി. തോമസിന് കീഴിൽ പരിശീലനം നേടിയ വക്കീൽമാർ 150ഓളം വരും. ഇവരിൽ ഒരു ഹൈകോടതി ജഡ്ജിയും അഞ്ച് ജില്ല ജഡ്ജിമാരുമുണ്ട്. പാലാ കദളിക്കാട്ടിൽ കുടുംബാംഗം ഫിലോമിനയാണ് ഭാര്യ. നാല് പെണ്ണും ഒരാണുമായി അഞ്ച് മക്കൾ. മകൻ ടോം തോമസ് ഹൈകോടതയിൽ പ്രാക്ടീസ് െചയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.