അടിമാലി: ഇളംബ്ലാശ്ശേരി ആദിവാസി കോളനിയിൽ വനപാലകരുടെ അനാവശ്യ ഇടപെടൽ സമാധാനം തകർക്കുന്നതായി ആദിവാസികൾ.വനപാലകർക്കെതിരെ വനം വകുപ്പ് ഓഫിസിന് മുന്നിൽ സമരവുമായി ആദിവാസികൾ. നേര്യമംഗലം റേഞ്ചിൽ വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ അനാവശ്യ ഇടപെടൽ നടത്തുന്നുവെന്നാണ് ആദിവാസികൾ ആരോപിക്കുന്നത്. ആദിവാസികളുടെ ക്ഷേമത്തിനും വനവിഭവ ശേഖരണത്തിനുമായി ആദിവാസി കോളനിയിൽ പണിത കെട്ടിടത്തിൽ അടുത്തിടെ വനം വകുപ്പ് ചെക്ക് പോസ്റ്റ് തുടങ്ങി.
ഉടൻതന്നെ വനാതിർത്തിയിലേക്ക് ഇതിന്റെ പ്രവർത്തനം മാറ്റുമെന്നും അറിയിച്ചിരുന്നു. പ്രവർത്തനം തുടങ്ങി ആഴ്ചകൾ കടന്നതോടെ കോളനിയിലെ സമാധാനം തകർക്കുന്ന വിധത്തിലായി വനപാലകരുടെ പ്രവർത്തനം. കോളനിയിലേക്ക് വരുന്നവരുടെയും പോകുന്നവരുടെയും ശരീരം പരിശോധിക്കുക, ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്നത് തടയുക തുടങ്ങി ഓരോ വീട്ടിലും വനപാലകരുടെ ഇടപെടൽ ആദിവാസികളുടെ ഉറക്കം കെടുത്തുന്ന വിധത്തിലായി. ഇതിൽ പ്രതിഷേധിച്ച് ആദ്യം നേര്യമംഗലം റേഞ്ച് ഓഫിസർക്ക് നിവേദനം നൽകി.
എന്നാൽ, പിന്നീട് ഇതിന്റെ പ്രതികാരം പോലെയായി വനപാലകരുടെ പ്രവർത്തനം. ഇതോടെയാണ് രാപ്പകൽ സമരവുമായി ആദിവാസികൾ രംഗത്തെത്തിയത്. സമരം നാലു ദിവസം പിന്നിട്ടു. പൊലീസ് ചർച്ച നടത്തിയെങ്കിലും വനം വകുപ്പ് ഓഫിസ് നിർത്തുന്നതുവരെ സമരം തുടരുമെന്നാണ് സമരക്കാരുടെ നിലപാട്. ആദിവാസി വന സംരക്ഷണ സമിതി നേതൃത്വത്തിലാണ് സമരം. കാലങ്ങളായി എളംബ്ലാശ്ശേരി കുടിയെ അവഗണിക്കുകയാണെന്നും ആദിവാസികൾ ആരോപിച്ചു.
കുടിയിലെ കാട്ടാന ശല്യത്തിനെതിരെ കിടങ്ങുകുഴിക്കുക, ഫെൻസിങ് സ്ഥാപിക്കുക, ഫയർ വാച്ചർമാരായി ജോലി ചെയ്തവരുടെ ശമ്പളക്കുടിശ്ശിക ഉടൻ നൽകുക, ചെക്ക് പോസ്റ്റ് കുടിക്ക് വെളിയിലേക്ക് മാറ്റി സ്ഥാപിക്കുക, പ്രകൃതിക്ഷോഭത്തിലും അല്ലാതെയും തകർന്ന വീടുകളുടെ അറ്റകുറ്റപ്പണി നടത്തുക, കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക സഹായ പദ്ധതികൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾകൂടി ഉന്നയിച്ചാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.