മൂലമറ്റം (ഇടുക്കി): മൂലമറ്റം വൈദ്യുതി നിലയത്തിൽ ആറ് ജനറേറ്ററുകളും പ്രവർത്തനരഹിതമായി വൈദ്യുതോൽപാദനം നിലച്ച സംഭവത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വൈദ്യുതി ബോർഡ് ചെയർമാൻ, ചീഫ് എൻജിനീയർ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇത്തരം സംഭവം ആവർത്തിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മൂലമറ്റം വൈദ്യുതി നിലയം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി നിലയത്തിലെ ഡയറക്ട് കറൻറ് (ഡി.സി) സംവിധാനം തകരാറിലായതിനെത്തുടർന്ന് വ്യാഴാഴ്ച ൈവകിട്ട് 7.28നാണ് ആറ് ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഡി.സി സംവിധാനം മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുകയായിരുന്നു. ഇതിനിടെയുണ്ടായ തകരാറാകാം ജനറേറ്ററുകൾ നിലയ്ക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. 70 മിനിറ്റിനുള്ളിൽ പ്രവർത്തനം പുനരാരംഭിക്കാനായി. പവർഹൗസിലെ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രശ്നം പരിഹരിച്ചത്. ഇതിന് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.
കൂടുതൽ ഉപഭോഗമുള്ള സമയത്താണ് അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചത്. ഈ സമയം സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതി കേന്ദ്ര പൂളിൽനിന്ന് ലഭ്യമാക്കിയതിനാൽ പ്രതിസന്ധി ഉണ്ടായില്ല. യന്ത്രഭാഗങ്ങളുമായി നേരിട്ട് ബന്ധമുള്ള ഭാഗത്തല്ല തകരാർ. ഇത് മൂലം നിലയത്തിലെ പ്രവർത്തനങ്ങൾക്ക് കാര്യമായ തടസ്സമുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷമാകും കൂടുതൽ നടപടികളിലേക്ക് കടക്കുക. നിലയത്തിൽ വൈദ്യുതോൽപാദനം പരമാവധി നടക്കുന്ന ഈ സമയത്ത് അറ്റകുറ്റപ്പണി നടത്തില്ല. നിലവിൽ അറ്റകുറ്റപ്പണികളിലേക്ക് കടന്നാൽ കോടിക്കണക്കിന് രൂപയുടെ നഷ്മുണ്ടാകുമെന്നും പുറം വൈദ്യുതി വാങ്ങേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ബോർഡ് ചെയർമാൻ ഡോ. ബി. അശോക്, കെ.എസ്.ഇ.ബി ഡയറക്ടർമാരായ ആർ.സുകു, സിജി ജോസ്, ചീഫ് എൻജിനീയർ രാജൻ ജോസ്, പവർഹൗസ് ജനറേഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഷാജി കെ. മാത്യു എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.