image courtesy: www.myupchar.com

പേവിഷബാധക്കെതിരെ ജാഗ്രത നിർദേശം

തൊടുപുഴ: സംസ്ഥാനത്ത് പേവിഷബാധ മൂലം നിരവധിപ്പേര്‍ മരിച്ച സാഹചര്യത്തില്‍ പേവിഷബാധക്കെതിരെ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. സുരേഷ് വർഗീസ് അറിയിച്ചു.പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയോ, മാന്തലോ, നക്കലോ മൂലം മനുഷ്യര്‍ക്ക് രോഗാണുബാധ ഉണ്ടാകാം. പേവിഷബാധയുണ്ടാക്കുന്ന വൈറസ് പ്രധാനമായും തലച്ചോറിനെയാണ് ബാധിക്കുന്നത്. ഈ വൈറസ് നായ്ക്കളില്‍ നിന്നാണ് പ്രധാനമായും മനുഷ്യരില്‍ എത്തുന്നത്. പൂച്ച, പശു, ആട് എന്നിവയില്‍നിന്നും രോഗബാധ ഉണ്ടാകാം.

തലവേദന, ക്ഷീണം, നേരിയ പനി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോട് ഭയം അനുഭവപ്പെടും.സാധാരണഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ രണ്ട് മുതല്‍ മൂന്ന് മാസം വരെ എടുക്കും.ചിലപ്പോള്‍ ഇത് ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെയുമാകാം. വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേകിച്ച് നായ്, പൂച്ച എന്നിവക്ക് പേവിഷബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നല്‍കുകയാണ് രോഗം തടയാനുള്ള പ്രധാന മാർഗം.

ജനിച്ചശേഷം രണ്ടാം മാസം ആദ്യ ഡോസും മൂന്നാം മാസം രണ്ടാം ഡോസും തുടര്‍ന്ന് എല്ലാ വര്‍ഷവും ബൂസ്റ്റര്‍ ഡോസ് വാക്സിനും നല്‍കണം.മൃഗങ്ങളോട് കരുതലോടെ ഇടപെടണം. അവയെ പരിപാലിക്കുന്നവര്‍ പേവിഷബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പ് എടുക്കണം.കടിയോ, മാന്തലോ ഏറ്റാല്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റു കഴുകണം. തുടര്‍ന്ന് എത്രയും വേഗം ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധ കുത്തിവെപ്പ് എടുക്കണം.

Tags:    
News Summary - Warning against rabies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.