കാട്ടുപോത്ത് മുതൽ കുരങ്ങൻമാർ വരെതൊടുപുഴ: ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിൽ ഭീതി വിതച്ച അരിക്കൊമ്പനെ നാടുകടത്തിയെങ്കിലും വന്യമൃഗശല്യം ഇപ്പോഴും ആശങ്കയായി തുടരുന്നു. കോട്ടയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ മരിച്ച സംഭവം അതിർത്തി ജില്ലയായ ഇടുക്കിയിലും ഞെട്ടലുളവാക്കിയിട്ടുണ്ട്. കാട്ടുപോത്തിെന്റയും കാട്ടാനയുടെയും ആക്രമണം ജില്ലയിൽ പതിവാണ്. നിരവധി പേർക്ക് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
മറയൂരിൽ വ്യാഴാഴ്ചയും കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്കേറ്റിരുന്നു. ഇരട്ടളക്കുടി സ്വദേശി ശങ്കറിനാണ് (24) ആക്രമണത്തിൽ പരിക്കേറ്റത്. ശങ്കർ സുഹൃത്തിനൊപ്പം വന വിഭവങ്ങൾ ശേഖരിക്കാൻ എത്തുമ്പോൾ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ ശങ്കർ മറയൂർ സി.എച്ച്.സിയിൽ ചികിത്സ തേടി.
കാട്ടാന, കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത് തുടങ്ങി മയിൽ വരെ നാട്ടിലിറങ്ങി ജനജീവിതം ദുസ്സഹമാക്കുകയാണ്. ഭീതി സൃഷ്ടിക്കുന്നതിലും കൃഷി നശിപ്പിക്കുന്നതിലും മുൻപന്തിയിൽ കാട്ടാനകളാണ്. മാങ്കുളം, അടിമാലി കാഞ്ഞിരവേലി, ചിന്നക്കനാൽ, പൂപ്പാറ, ശാന്തൻപാറ, മൂന്നാർ, കുണ്ടള, കുമളി, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലാണ് കാട്ടാനശല്യം രൂക്ഷം. അബദ്ധത്തിൽ ഇവയുടെ മുന്നിൽപ്പെടുന്ന നിരവധി മനുഷ്യരെയാണ് ഇവ ഇല്ലാതാക്കിയത്.
കാട്ടാന കഴിഞ്ഞാൽ വ്യാപകമായി കൃഷി നശിപ്പിക്കുന്നതിൽ പ്രമുഖനാണ് കാട്ടുപന്നി. സംസ്ഥാനത്ത് തന്നെ കാട്ടുപന്നികളുടെ പ്രധാന ഹോട്ട്സ്പോട്ടാണ് ഇടുക്കി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ തയാറാക്കിയ ഹോട്ട്സ്പോട്ടുകളുടെ പട്ടികയിൽ ജില്ലയിലെ 68 ശതമാനം വില്ലേജുകളും ഉൾപ്പെട്ടിട്ടുണ്ട്. കാട്ടുപന്നിശല്യം രൂക്ഷമായ 46 വില്ലേജുകളാണ് ഇടുക്കിയിലുള്ളത്. ഉടുമ്പൻചോല താലൂക്കിലാണ് കൂടുതൽ വില്ലേജുകൾ.
കുരങ്ങൻമാരാണ് മറ്റൊരു കൂട്ടർ. അരിക്കൊമ്പന്റെ ശല്യമുണ്ടായിരുന്ന പൂപ്പാറമേഖലയിലടക്കമുള്ളവർ ഇപ്പോൾ കുരങ്ങൻമാരുടെ ശല്യം പേടിച്ച് വാതിൽ തുറന്നിടാൻ കഴിയാത്ത സാഹചര്യമാണ്. പൂപ്പാറ പെട്രോൾ പമ്പിന് സമീപത്തെ വീടുകളുടെ ഓടുകൾ പൊളിച്ചും മറ്റുമാണ് കുരങ്ങൻമാർ ഇറങ്ങുന്നത്.
അകത്ത് കയറി ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ കൊണ്ടുപോകുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. പാചകം ചെയ്ത ഭക്ഷണം പാത്രമിട്ട് മൂടി വലിയ കല്ലുകൾ മുകളിൽ കയറ്റിവെച്ച ശേഷമാണ് തൊഴിലാളികൾ വീടിന് പുറത്ത് പോകുന്നത്.
വീടിന് പുറത്ത് വസ്ത്രങ്ങൾ അലക്കി വിരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഇവിടുള്ളവർ പറയുന്നു. കൃഷിയിടത്തിലിറങ്ങുന്ന കുരങ്ങുകൾ ഏലെച്ചടികൾ ഒടിച്ചെടുത്ത് അകത്തെ കാമ്പു തിന്നുകയും ചെയ്യും. ഇത് കർഷകർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
കട്ടപ്പന: വനാതിർത്തി വിട്ട് പുറത്തുവരുന്ന വന്യമൃഗങ്ങളെ വെടിവെക്കാൻ ജനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തയാറാകണമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.കാട്ടുപോത്തും കടുവയും ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയതിനുശേഷം കലക്ടറുടെ അനുമതി വാങ്ങി വെടിവെക്കാൻ കാത്തിരുന്നാൽ മനുഷ്യജീവിതങ്ങൾ ഇനിയും നഷ്ടമാകും.
ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് ധനസഹായം നൽകുന്നതുകൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടവും ദുഃഖവും പരിഹരിക്കുവാൻ കഴിയില്ല.സർക്കാർ മൃഗങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമാണ് ശ്രദ്ധ നൽകുന്നത്. ഈ നിലപാട് മാറ്റുവാൻ തയാറായില്ലെങ്കിൽ ബഹുജന പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.