മൂലമറ്റം: അടിസ്ഥാന സൗകര്യമില്ലാത്തതും വന്യമൃഗങ്ങളുടെ ശല്യവും മൂലം സ്ഥലം ഉപേക്ഷിക്കാൻ ഒരുങ്ങി നൂറോളം കുടുംബങ്ങൾ. അറക്കുളം പഞ്ചായത്തിൽ പൊട്ടൻപടി പ്രദേശത്തുള്ളവരാണ് ഭൂമി വനം വകുപ്പിന് കൈമാറാൻ ഒരുങ്ങുന്നത്. ഈ പ്രദേശം വനം വകുപ്പിന് കൈമാറുന്നതിനായി നവകിരണം പദ്ധതി വഴിയാണ് അപേക്ഷ നൽകുന്നത്. കുളമാവ് വനത്തിനും മൂലമറ്റം ടൗണിനും ഇടയിൽ നാടുകാണി മലയുടെ താഴ്ഭാഗത്തുള്ളവരാണ് പദ്ധതിപ്രകാരം അപേക്ഷ നൽകുന്നത്. വനത്തിനുള്ളിൽ താമസിക്കുന്നതും സ്വയം സന്നദ്ധരായി വരുന്നവരുമായ ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള സർക്കാറിന്റെ പദ്ധതിയായ റീബിൽഡ് കേരള ഡെവലപ്മെന്റ് സ്വയം, സന്നദ്ധ പുനരധിവാസ പദ്ധതി. പൊട്ടൻപടി മലനിരകളിൽ അടിസ്ഥാന സൗകര്യമില്ലാതിരുന്നതിനാൽ ഒട്ടേറെ കുടുംബങ്ങളാണ് ബുദ്ധിമുട്ടുന്നത്. ഇതോടൊപ്പം ഇവിടെ കാട്ടുപന്നി, കുരങ്ങ് അടക്കമുള്ള വന്യജീവികളുടെ ശല്യം കൂടി രൂക്ഷമായതോടെ കൃഷി ചെയ്യാൻ സാധിക്കാത്ത അവസ്ഥയായി. ഇതാണ് പ്രദേശത്തുള്ളവർ ചെറിയ തുകക്ക് സ്ഥലം വനം വകുപ്പിന് കൈമാറി ഇവിടെ നിന്നും പലായനം ചെയ്യാൻ ഒരുങ്ങുന്നത്. നിലവിൽ മൂലമറ്റം ടൗണിൽ വരെ വന്യജീവികൾ എത്തിത്തുടങ്ങി. പൊട്ടംപടി മലനിരകളിൽനിന്ന് ജനവാസം ഒഴിവാകുന്നതോടെ മൂലമറ്റം ടൗണിൽ വന്യമൃഗങ്ങൾ സ്ഥിരമായി എത്തുന്നതിനും സാധ്യതയുള്ളതായി നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.