കൊല്ലം: കോവിഡ് കേസുകള്‍ ദിനംപ്രതി 100 കവിയുന്ന സാഹചര്യത്തില്‍ രോഗലക്ഷണം പ്രകടിപ്പിക്കാതെ പോസിറ്റീവാകുന്ന രോഗികളുടെ ചികിത്സയും നിരീക്ഷണവും വീടുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്. ശ്രീലത അറിയിച്ചു. ലക്ഷണം പ്രകടമാക്കാത്ത കാറ്റഗറി എ വിഭാഗത്തിൽപെടുന്ന രോഗികളെയാണ് ഇത്തരത്തില്‍ നിരീക്ഷണ വിധേയമാക്കുന്നത്.
അതത് പ്രഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും തുടര്‍ച്ചയായ നിരീക്ഷണത്തിലായിരിക്കും ഇവര്‍. കരുതല്‍ നിരീക്ഷണത്തിലെന്ന പോലെ രോഗികളെ വീടുകളില്‍ തന്നെയാണ് പാര്‍പ്പിക്കുന്നത്. രോഗിയുടെ വീട്ടില്‍ ബാത്ത് റൂം സൗകര്യമുള്ള റൂമും അനുബന്ധ സൗകര്യങ്ങളും ആരോഗ്യപ്രവര്‍ത്തകര്‍ ഉറപ്പാക്കും.
വീടുകളിലെ 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, 60 വയസ്സ് കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ എന്നിവരെ ബന്ധുവീടുകളിലേക്ക് മാറ്റും. ഒരു കെയര്‍ ടേക്കറുടെ (വീട്ടിലെ ഒരംഗം) സഹായത്തോടെ വീടുകളില്‍ തന്നെ നിരീക്ഷിക്കുകയും ചെയ്യും.
പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് ഇവരുടെ ഓക്സിജന്‍ സാച്ചുറേഷനും പള്‍സും പരിശോധിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ മുഖേന ഇവര്‍ക്ക് പരിശീലനം നല്‍കും. അതത് ദിവസങ്ങളില്‍ രേഖപ്പെടുത്തി ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും മെഡിക്കല്‍ ഓഫിസറിെൻറ നേതൃത്വത്തില്‍ പരിശോധിക്കുകയും ചെയ്യും.
സമീകൃതാഹാരം, വെള്ളം ഉപയോഗിക്കുന്നതിെൻറ ആവശ്യകത എന്നിവയെക്കുറിച്ച് ബോധവത്കരണവും നല്‍കും. വീടുകളില്‍ കഴിയുന്ന രോഗികളെ തുടര്‍ച്ചയായ നിരീക്ഷണത്തിന് വിധേയമാക്കി അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ഉടന്‍ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റും. ബുദ്ധിമുട്ടുകളോ രോഗലക്ഷണങ്ങളോ ഇല്ലാത്തവര്‍ക്ക് ഒരാഴ്ചക്കുശേഷം ആൻറിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവാകുന്ന മുറക്ക് ഡിസ്ചാര്‍ജ് ചെയ്യും. കെയര്‍ ടേക്കറെയും ആൻറിജന്‍ ടെസ്റ്റിന് വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.