കൊട്ടിയം: ഇതരസംസ്ഥാന ലോബികള്‍ കൈയടക്കിയ ഇറച്ചിക്കോഴി രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാൻ പദ്ധതി തയാറാക്കിക്കഴിഞ്ഞതായി മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലതല കര്‍ഷക അവാര്‍ഡുകള്‍ കൊട്ടിയം മൃഗസംരക്ഷണകേന്ദ്രത്തില്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
കോഴിയിറച്ചിയുടെ വില തോന്നുംപോലെ വര്‍ധിപ്പിക്കുന്ന പ്രവണതയുണ്ട്. കോയമ്പത്തൂരും നാമക്കല്ലും പല്ലടത്തും ദിണ്ടിഗലുമൊക്കെയുള്ള കുത്തകകളാണ് കേരളത്തിലെ ഇറച്ചിവില തീരുമാനിക്കുന്നത്.
ഇതിന് മാറ്റം വരുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ആയിരത്തോളം ഇറച്ചിക്കോഴി ഫാമുകള്‍ കേരളത്തില്‍ സ്ഥാപിക്കും.
ഇറച്ചി സംസ്കരണ പ്ലാന്റുകള്‍, അവശിഷ് ടങ്ങള്‍ മൂല്യവര്‍ധിത ഉൽപന്നങ്ങളാക്കുന്ന യൂനിറ്റുകള്‍, ബ്രോയ്ലര്‍ ബ്രീഡിംഗ് ഫാമുകള്‍ കുടുംബശ്രീയുടെ വിപണന കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ കേരള ബ്രാന്റില്‍ ചിക്കന്‍ പുറത്തിറക്കും. ഇതിനായി 65.82 കോടിയുടെ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ കൂടുതല്‍ ക്ഷീരഗ്രാമങ്ങള്‍ സ്ഥാപിക്കും.
പുറത്തുനിന്നു വരുന്ന കാലികളെ പാര്‍പ്പിക്കാന്‍ പത്തനാപുരത്തെ പന്തപ്ലാവില്‍ ക്വാറന്റൈന് കേന്ദ്രവും കന്നുകുട്ടികള്‍ക്ക് തീറ്റ നല്കാന് കര്‍ഷകര്‍ക്ക് ധനസഹായവും നല്‍കുമെന്നും മന്ത്രി അറിയിച്ചു.
മികച്ച ക്ഷീരകര്‍ഷകയായി തെരഞ്ഞെടുത്ത പൂതക്കുളം കാവേരിയില്‍ പി. പ്രമീളക്ക് 20,000 രൂപ പുരസ്കാരവും മികച്ച ജന്തുക്ഷേമ സംഘടനയായ നിലമേല്‍ അഹിംസക്ക് 10,000 രൂപ പുരസ്കാരവും മന്ത്രി സമ്മാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം രേഖ ചന്ദ്രന് അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്തംഗം ശ്രീജ ഹരീഷ്, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ കെ. അജി ലാസ്റ്റ്, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. സി.പി. അനന്തകൃഷ്ണന്, ഡോ. ഡി. ഷൈന്‍ കുമാര്‍, ഡോ. എസ്. പ്രിയ, ഡോ. കെ. മോഹനന്, ഡോ. ബി. അജിത് ബാബു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.