പുനലൂർ: ഇടപ്പാളയത്ത് വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ഉരുൾപൊട്ടലോടെ രണ്ടാഴ്ചക്കുള്ളിൽ ആര്യങ്കാവ് പഞ്ചായത്തിലുള്ളവർ നേരിടേണ്ടിവന്നത് രണ്ടാമത്തെ പ്രളയദുരന്തം. കഴിഞ്ഞ 16ന് ഉണ്ടായ പ്രളയത്തിൽ പഞ്ചായത്തിെൻറ വിവിധ മേഖലയിൽ വലിയ നാശം നേരിട്ടിരുന്നു. 20 വീടുകളും കടകളടക്കം സ്ഥാപനങ്ങൾ തകരുകയുണ്ടായി. കഴുതുരുട്ടി ജങ്ഷനിലെ സപ്ലൈകോ സൂപ്പർമാർക്കറ്റിലടക്കം വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം നേരിട്ടു. അന്നും ഇടപ്പാളയം പള്ളിമുക്ക്, ആറുമുറിക്കട ഭാഗങ്ങളിൽ കഴുതുരുട്ടിയാറിൽനിന്ന് വെള്ളം ഇരച്ചുകയറി വീടുകളും കൃഷിയിടങ്ങളും നശിച്ചു.
വീണ്ടും ഇതിനെക്കാൾ ഭീകരമായ നിലയിലാണ് വ്യാഴ്ചത്തെ ഉരുൾപൊട്ടലും തുടർന്നുണ്ടായ നാശങ്ങളും ഇന്നാട്ടുകാർ നേരിടേണ്ടിവന്നത്. കഴിഞ്ഞ ദിവസം ആറുമുറിക്കട ആശ്രയ കോളനിക്ക് സമീപം വനത്തിലും ഇടപ്പാളയം ഫോറസ്റ്റ് ക്വോർട്ടേഴ്സിന് സമീപവുമാണ് ഉരുൾപൊട്ടിയത്. ആശ്രയ കോളനിയിൽ നിരവധി വീടുകളുടെ ഉളളിലൂടെയാണ് ഉരുൾപൊട്ടിയ വെള്ളവും മറ്റ് അവശിഷ്ടങ്ങളും ഒഴുകിയെത്തിയത്.
മൂന്നു വാഹനങ്ങളും വെള്ളപ്പാച്ചിലിൽ അകപ്പെട്ട് നാശം നേരിട്ടിരുന്നു. കോളനിയോട് ചേർന്നും ഇടപ്പാളയത്തും ഉണ്ടായിരുന്ന മിക്ക കൃഷികളും നശിച്ചു. 1992 ലെ മഹാപ്രളയത്തിെൻറ ദുരന്തം ഇന്നാട്ടുകാർ ഇനിയും മറന്നിട്ടില്ല. അന്ന് നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടി പലരും മരിക്കുകയും കോടികളുടെ മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. റെയിൽപാതയും ദേശീയപാതയും പലയിടത്തും ഒലിച്ചുപോയതിനാൽ ഗതാഗതം മുടങ്ങി ആഴ്ചകളോളം ആര്യങ്കാവ് മേഖല ഒറ്റപ്പെട്ടിരുന്നു.
ദുരന്തമേഖല ആർ.ഡി.ഒ സന്ദർശിച്ചു
പുനലൂർ: വ്യാഴാഴ്ച ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും അനുഭവപ്പെട്ട ഇടപ്പാളയത്ത് പുനലൂർ ആർ.ഡി.ഒ ബി. ശശികുമാറും സംഘവും സന്ദർശിച്ച് നാശങ്ങൾ വിലയിരുത്തി. ആറുമുറിക്കട ഭാഗത്ത് ഒരു സ്ഥലത്ത് ഉരുൾപൊട്ടിയും മൂന്നിടത്ത് മലവെള്ളപ്പാച്ചിലിലുമാണ് നാശമുണ്ടായതെന്ന് ആർ.ഡി.ഒ പറഞ്ഞു. കല്ലും മണ്ണും മൂടി ഗതാഗതയോഗ്യമല്ലാതായ റോഡുകളിലെ അടക്കം തടസ്സങ്ങൾ നീക്കാൻ നിർദേശം നൽകി. ഇന്നലെതന്നെ പൊക്ലൈനർ ഉപയോഗിച്ച് ജോലികൾ തുടങ്ങി. നിലവിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനോ ദുരിതാശ്വാസ ക്യാമ്പ് തുറക്കേണ്ട സാഹചര്യമോ ഇല്ലെന്ന് ആർ.ഡി.ഒ പറഞ്ഞു. വീടുകൾ ഭാഗികമായി തകർന്നവർ ബന്ധുവീടുകളിലേക്ക് താമസം മാറാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇനിയും അടിയന്തര സാഹചര്യമുണ്ടായാൽ ക്യാമ്പ് തുറക്കുന്നത് പരിഗണിക്കും. മൈനർ ഇറിഗേഷൻ വകുപ്പിെൻറയടക്കം നിർമാണപ്രവർത്തനങ്ങൾ നശിച്ചിട്ടുണ്ട്. നഷ്ടങ്ങളുടെ പൂർണമായ കണക്കെടുത്ത് കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. പുനലൂർ തഹസിൽദാർ കെ.എസ്. നസീയ, ഡെപ്യൂട്ടി തഹസിൽദാർ രാജേന്ദ്രൻനായർ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് സുജതോമസ്, വില്ലേജ് ഓഫിസർ ജോസഫ് തുടങ്ങിയവരും എത്തിയിരുന്നു.
ആറു വീടുകൾ തകർന്നു; വൻ കൃഷിനാശം
പുനലൂർ: വ്യാഴാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം, ആറുമുറിക്കട ഭാഗങ്ങളിൽ ആറു വീടുകൾ തകർന്നു. ഇതിൽ ഒരെണ്ണം പൂർണമായും ബാക്കിയുള്ളത് ഭാഗികമായുമാണ് തകർന്നത്. ഉരുൾപൊട്ടിയുള്ള വെള്ളവും അവശിഷ്ടങ്ങളും നിർമാണത്തിലുള്ള വീടുകളിലടക്കം കയറിയതോടെ മറ്റ് നിരവധി വീടുകൾക്ക് ഭാഗികമായ നഷ്ടവും നേരിട്ടു.
കോളനി പ്രദേശത്തടക്കം ഉണ്ടായിരുന്ന മുഴുവൻ കൃഷികളും കുത്തൊഴുക്കിൽ ഒലിച്ചുപോയി. ആശ്രയ കോളനിയിൽ മുഹമ്മദ് ദൗലത്ത്, അംബിക, സജിനി, കുമാർ ആറുമുറിക്കടയിൽ കലാധരൻ, മോനച്ചൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ഇതിൽ ഉരുൾപൊട്ടൽ രൂക്ഷമായി അനുഭവപ്പെട്ട ആശ്രയ കോളനിയിൽ ദൗലത്തിെൻറ അടക്കം വീടുകളിൽ ആൾത്താമസം ഉണ്ടായിരുന്നില്ല. ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമാണം നടന്നുവരുന്നതിനാൽ പണി പൂർത്തിയാകാത്തതിനാൽ മിക്ക വീടുകളിലും താമസം തുടങ്ങിയിരുന്നില്ല.
ദൗലത്ത് താമസം തുടങ്ങിയെങ്കിലും കുടുംബസമേതം സ്ഥലത്തില്ലായിരുന്നു. വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജ് അടക്കം അടുക്കളസാധനങ്ങളും ഫർണിച്ചറും വെള്ളത്തിൽ ഒഴുകിപ്പോകുകയോ നശിക്കുകയോ ചെയ്തു. കലാധരെൻറ അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറടക്കം വെള്ളത്തിൽ ഒഴുകിപ്പോയി. കോളനിയിലേക്കുള്ള പഞ്ചായത്ത് റോഡും ഓടകളുടെ സംരക്ഷണഭിത്തിയും പൂർണമായി നശിച്ചിട്ടുണ്ട്. പലയിടത്തും കൂറ്റൻകല്ലുകളും മണ്ണും അടിഞ്ഞു. വീടുകളുടെ ഉള്ളിലും പരിസരത്തും മരക്കഷ്ണങ്ങൾ അടക്കം അവശിഷ്ടങ്ങൾ അടിഞ്ഞതിനാൽ സമീപത്തുപോലും പോകാനാകാത്ത അവസ്ഥയാണ്.
കഴുതുരുട്ടി ആറിെൻറ സമീപമുള്ള കൈതോടുകളും വശങ്ങൾ തകർന്നു. വെള്ളത്തിൽ ഒഴുകിമാറി ചളിയിൽ പൂണ്ടുപോയ ഓട്ടോയും ജീപ്പും പൊക്ലയിനറുടെ സഹായത്തോടെ വെള്ളിയാഴ്ച പുറത്തെടുത്തു. ഇതുകാരണം ആറ്റിൽ വെള്ളമുയർന്നാൽ സമീപത്തെ ജനവാസമേഖലകളിലും കൃഷിയിടത്തിലും വെള്ളം കയറാൻ ഇടയാക്കും. മണ്ണിടിഞ്ഞ് ദേശീയപാതയിലേക്ക് പലയിടത്തും വീണിട്ടുണ്ട്.
ഒഴിവായത് വൻദുരന്തം
പുനലൂർ: ഇടപ്പാളയത്ത് വ്യാഴാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ വൻദുരന്തവും ആൾനാശവും ഒഴിവായത് ഭാഗ്യത്തിന്. കോളനിയോട് ചേർന്നുള്ള പാലരുവി വനത്തിൽ പൊട്ടിയ ഉരുൾ താഴേക്ക് ഒഴുകിവന്നത് മൂന്ന് കൈവഴികളിലൂടെയായതും കോളനികളിൽ ആൾപാർപ്പില്ലാതിരുന്നതും മറ്റ് ദുരന്തങ്ങൾ ഒഴിവായി. വീടില്ലാത്തവർക്ക് പഞ്ചായത്തിെൻറ ലൈഫ് മിഷൻ പദ്ധതിയിൽ വീട് നിർമിച്ചുനൽകുന്ന ഭാഗത്തുകൂടിയാണ് ഉരുൾപൊട്ടി വന്നത്. കഴുതുരുട്ടിയാറിെൻറ തെക്കേക്കരയിൽ വനത്തോട് ചേർന്നുള്ള ആശ്രയ കോളനിയിലാണ് വീട് നിർമാണം നടക്കുന്നത്. ഇതിൽ പൂർത്തിയായ ചില വീടുകളിൽ മാത്രമേ താമസം തുടങ്ങിയിരുന്നുള്ളൂ. ഉരുൾപൊട്ടിയ ദിവസം ഈ വീടുകളിൽ ആരുമുണ്ടായിരുന്നില്ല. എന്നിരുന്നാലും വീടുകളിൽ വെള്ളം കയറി ബലക്ഷയമുണ്ടായി. ഇതിൽ മുഹമ്മദ് ദൗലത്തിെൻറ വീട് പൂർണമായി തകർന്നുവീണു. ശേഷിക്കുന്ന വീടുകളിൽ കാര്യമായ നാശം ഉണ്ടായിട്ടുണ്ട്.
ആശ്രയ കോളനിയോട് ചേർന്ന് വലിയമലയിൽനിന്ന് ഉരുൾപൊട്ടി കോളനിക്ക് അടുത്തുവന്നപ്പോൾ മൂന്നു കൈവഴികളായി വെള്ളവും അവശിഷ്ടവും ഒഴുകി ആറ്റിലെത്തുകയായിരുന്നു. ഇത് ഒന്നായി വന്നിരുന്നെങ്കിൽ ഇവിടെ നിർമാണത്തിലുള്ളതടക്കം മുഴുവൻ വീടുകളും തകർന്നേനെ.നാശം നേരിട്ട തേവർകാട് കോളനി, ആറുമുറിക്കട എന്നിവിടങ്ങളിൽ മലവെള്ളപ്പാച്ചിലിലാണ് നാശം നേരിട്ടതെന്നും റവന്യൂ അധികൃതർ പറഞ്ഞു. കൂടാതെ ഇടപ്പാളയം ഫോറസ്റ്റ് സ്റ്റേഷന് സമീപവും ചെറിയതോതിൽ ഉരുൾപൊട്ടി ദേശീയപാതയിലടക്കം നാശമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.