കൊല്ലം: തോരാതെ പെയ്ത മഴയിൽ ജില്ലയിൽ കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലായി 13 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 556 കുടുംബങ്ങളിൽ നിന്ന് 1619 പേരാണ് ക്യാമ്പിൽ കഴിയുന്നത്. വടക്കേവിള, കൊറ്റങ്കര, തൃക്കോവിൽവട്ടം, മങ്ങാട്, കിളികൊല്ലൂർ, പനയം, തൃക്കരുവ, ഓച്ചിറ, തഴവ, ക്ലാപ്പന, കുലശേഖരപുരം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെയാണ് ക്യാമ്പുകൾ തുറന്നത്. കൊല്ലത്ത് ഒമ്പതും കരുനാഗപ്പള്ളിയിൽ നാലും വീതമാണ് ആരംഭിച്ചത്. മഴയിൽ 24 മണിക്കൂറിനുള്ളിൽ 41 വീടുകൾ തകർന്നു. കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിൽ രണ്ട് വീടുകൾ പൂർണമായും എട്ട് വീടുകൾ ഭാഗികമായും തകർന്നു. കൊല്ലം, കൊട്ടാരക്കര, പുനലൂർ താലൂക്കുകളിൽ 11 വീടുകൾ വീതം ഭാഗികമായി തകർന്നു.
തൃക്കോവിൽവട്ടത്ത് രണ്ട് വീടുകൾ തകരുകയും ഒരു വീട്ടിലെ കിണർ ഇടിഞ്ഞു താഴുകയും ചെയ്തു. ആലപ്പാട്, മുണ്ടയ്ക്കൽ എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. പുനലൂരിലാണ് ഇന്നലെ കൂടുതൽ മഴ ലഭിച്ചത്, 59.6 മില്ലീമീറ്റർ. കൊല്ലത്ത് 40 മില്ലീമീറ്ററും ആര്യങ്കാവ് 2.5 മില്ലീമീറ്ററും മഴ ലഭിച്ചു. ചൊവ്വാഴ്ച മുതൽ പെയ്ത മഴയിൽ കിഴക്കൻ മേഖലയിലടക്കം വ്യാപക കൃഷിനാശം ഉണ്ടായി. 24 മണിക്കൂറിനുള്ളിൽ ഏകദേശം 21.43 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 219 കർഷകരുടെ കൃഷി നശിച്ചു. പത്തുദിവസത്തിനുള്ളിൽ 1070 കർഷകരുടെ കൃഷിയാണ് നശിച്ചത്. 182.73 ലക്ഷം രൂപയുടെ നഷ്ടമാണ് ആകെ ജില്ലയിൽ ഉണ്ടായത്. എഴുകോൺ , കരീപ്ര, കുളക്കട, വെളിയം തുടങ്ങിയ ഇടങ്ങളിലാണ് കൂടുതലായി കൃഷിനാശം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.