കൊല്ലം: ‘100 മീറ്റർ അപ്പുറം ആയിരുന്നു കടൽ, ഇപ്പോൾ ഒരു മീറ്റർ അകലെ എന്നുപോലും പറയാൻ പറ്റില്ല. ഏത് നിമിഷവും പടികടന്ന് തിരയടിച്ചെത്തും എന്ന പേടിയിൽ കഴിയുകയാണ്.’- മുണ്ടയ്ക്കൽ തിരുവാതിര നഗറിൽ പുതുവൽ പുരയിടം എന്ന വീട്ടുവിലാസം ഇനി എത്ര നാൾ നിലനിൽക്കും എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലാതെ ഷീജ ഇത് പറയുമ്പോൾ പുറത്ത് ആർത്തലക്കുകയാണ് കടൽ. തൊട്ടുമുന്നിലായി കടലിന്റെ പ്രഹരം ഏറ്റുവാങ്ങി ഏതുനിമിഷവും നിലംപൊത്തുമെന്ന രീതിയിൽ നിൽക്കുന്ന ഇരുനില വീടിന്റെ മറവ് ആണ് ഷീജയുടെ വീടിന് താൽകാലിക രക്ഷ. ആ ഇരുനില വീട് മറിഞ്ഞ് വീണാൽ പിന്നെ നേരെ കടൽ എത്തുന്നത് ഈ കൊച്ചുകൂരയിലേക്കാകും. എന്നാൽ, കടൽതിരയെത്തും മുമ്പ്, ആ ഇരുനില വീട് മറിഞ്ഞ് വീഴുന്നത് തങ്ങളുടെ നേർക്കാകുമോ എന്ന ആശങ്കയിൽ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് ഷീജക്കും കുടുംബത്തിനും.
ജീവിത ദുഖം ഷീജ വിവരിക്കുമ്പോൾ തൊട്ടരികിൽ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ ഭർത്താവ് ധർമരാജൻ കിടക്കുകയാണ്. 12 വയസുകാരിയായ മകളും ഒമ്പതു വയസുകാരനായ മകനുമായി തെരുവിലേക്ക് ഇറങ്ങേണ്ടിവരുമോ എന്ന് നെഞ്ച് പിടക്കുന്ന ആ യുവതി ഇപ്പോൾ വീടിന് കാവലായി ഇരിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിൽ 10 ലക്ഷം രൂപ കിട്ടാൻ അർഹതയുള്ള കുടുംബത്തിന് വാങ്ങാൻ ഒരു വീട് അന്വേഷിച്ച് നാട് മുഴുവൻ ഓടുകയാണ്. പുരയിടം എന്ന കൃത്യമായ മാനദണ്ഡത്തിൽ കുറഞ്ഞത് മൂന്ന് സെന്റിൽ 450 സ്ക്വയർ ഫീറ്റിൽ വാർത്ത വീട് എന്ന നിബന്ധന മനസിലിട്ട് അലയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 10 ലക്ഷം രൂപക്ക് ഈ മാനദണ്ഡത്തിൽ വീട് കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് ഷീജ പറയുന്നു. ‘‘കൊല്ലം ജില്ലയിൽ ഇനി പോകാൻ സ്ഥലമില്ല. ഒരുപാട് വീടുകളുടെ വിവരങ്ങൾ ഫിഷറീസ് ഉദ്യോഗസ്ഥർക്ക് അയച്ചുനൽകിയിരുന്നു. മിക്കവാറും വാങ്ങാൻ കഴിയാത്തവയാണ് എന്ന മറുപടി ആണ് ലഭിച്ചത്. ഒരു വീട് ശരിയായപ്പോൾ ഫിഷറീസ് വകുപ്പ് നടപടി ഇഴഞ്ഞതോടെ ഉടമസ്ഥൻ വേറെ ആളിന് വിറ്റു. ഫണ്ട് ഇല്ല എന്നാണ് മിക്കപ്പോഴും കിട്ടുന്ന മറുപടി. ഇപ്പോഴും വീടിനായുള്ള അന്വേഷണം തുടരുകയാണ്.’’- ഷീജ പറയുന്നു.
കൊല്ലം ബീച്ചിലെ പാർക്കിങ്ങിൽ താൽക്കാലിക ജോലിചെയ്താണ് ഷീജ കുടുംബം പുലർത്തിയിരുന്നത്. കടൽ ക്ഷോഭ ഭീഷണി നേരിടുന്ന വീട് ഉടൻ പൊളിച്ചുമാറ്റണമെന്ന് ഏതാനും ആഴ്ചകൾക്ക് മുമ്പ് അധികൃതരുടെ നിർദേശം വന്നതോടെ ജോലിക്ക് പോകാൻ പറ്റാതെ മുഴുവൻ സമയം വീട് തേടിയുള്ള അലച്ചിലിലാണ്. എത്രയും പെട്ടെന്ന് കുടുംബത്തിന് വീട് വാങ്ങാനുള്ള അനുമതി ഫിഷറീസ് വകുപ്പിൽ നിന്ന് ലഭിച്ചില്ലെങ്കിൽ മക്കളും സുഖമില്ലാത്ത ഭർത്താവുമായി എവിടെ പോകുമെന്ന് അറിയാതെ നെഞ്ചുരുക്കുകയാണ് ഷീജ. സർക്കാർ സഹായത്തിനൊപ്പവും ഭീമമായ കടം കുടുംബത്തിന് മേൽ വരുമെങ്കിലും എങ്ങനെ എങ്കിലും ഒരു വീട് എത്രയും പെട്ടെന്ന് ശരിയാകുമെന്ന പ്രതീക്ഷ മാത്രമാണ് ഇപ്പോൾ ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.