കൊല്ലം: ഹെൽമറ്റ് ധരിക്കാത്ത യാത്രക്കാരന്റെ മേൽവിലാസം അന്വേഷിക്കാൻ നേരിട്ടിറങ്ങിയ സബ് ഇൻസ്പെക്ടറുടെ ‘ജാഗ്രത’അത്ഭുതപ്പെടുത്തുന്നതായി മനുഷ്യാവകാശ കമീഷൻ. എല്ലാ കേസുകളിലും ഇത്തരത്തിലുള്ള ജാഗ്രത തുടരണമെന്നും കമീഷൻ വിമർശിച്ചു.
സ്ത്രീകളോട് എസ്.ഐ മോശമായി പെരുമാറിയെന്ന പരാതിയിലാണ് കമീഷനംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്. ആരോപണത്തെക്കുറിച്ച് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ കൊല്ലം റൂറൽ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
കൊട്ടാരക്കര പുലമൺ സ്വദേശികളായ അമ്മയും മകളും സമർപ്പിച്ച പരാതിയിൽ കമീഷൻ കൊല്ലം റൂറൽ പൊലീസ് മേധാവിയിൽനിന്ന് റിപ്പോർട്ട് വാങ്ങി. 2020 നവംബർ 19ന് കൊട്ടാരക്കര ചന്തമുക്കിൽ ട്രാഫിക് പരിശോധനക്കിടയിലാണ് ട്രാഫിക് എസ്.ഐ സമ്പത്തിനെതിരെ പരാതി ഉയർന്നത്. രണ്ടാം പരാതിക്കാരിയുടെ ഭർത്താവ് ഹെൽമറ്റ് ധരിക്കാതെ ബുള്ളറ്റ് ഓടിച്ചതിനെതിരെ കേസെടുത്തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
തുടർന്ന് വാഹനത്തിന്റെ ഉടമയെ അന്വേഷിച്ച് എസ്.ഐ പരാതിക്കാരിയുടെ വീട്ടിലെത്തി. എന്നാൽ, ഹെൽമറ്റല്ല വിഷയമെന്നും സ്ത്രീകളായ തങ്ങളെ അപമാനിച്ചതിനെതിരെയാണ് പരാതി നൽകിയതെന്നും പരാതിക്കാർ കമീഷനെ അറിയിച്ചു.
തന്റെ ഭർത്താവിന്റെ ബുള്ളറ്റ് വാങ്ങാൻ എസ്.ഐ ഏജന്റ് വഴി ശ്രമം നടത്തിയെന്നും ഇത് നൽകാത്തതിന്റെ വിരോധത്തിലാണ് ഇപ്രകാരം പ്രവർത്തിച്ചതെന്നുമാണ് പരാതിക്കാരിയായ മകൾ കമീഷന് മുന്നിൽ ആരോപണമുയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.