കൊല്ലം: കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് കൊല്ലം സമ്മാനിച്ച മികവുറ്റൊരു കലാകാരി കൂടി വിടവാങ്ങി. കലകൊണ്ടു സമ്പുഷ്ടമായ കൊല്ലത്തിന്റെ മണ്ണിൽനിന്ന് മലയാളത്തിന്റെ അഭിനയനഭസ്സിലേക്ക് വളർന്ന താരമായ കനകലതയുടെ വേർപാടിൽ ജന്മനാടും വേദനയിലാണ്.
കൊല്ലം ഓച്ചിറയിലായിരുന്നു കനകലതയുടെ ജനനം. പരമേശ്വരൻ പിള്ളയുടേയും ചിന്നമ്മയുടേയും മകളായി 1960 ആഗസ്റ്റ് 24ന് ജനിച്ച കനകലതയുടെ ചെറുപ്പത്തിൽ കുടുംബം കൊല്ലം ആശ്രാമത്തേക്ക് താമസം മാറ്റി. തുടർന്ന് കൊല്ലം സർക്കാർ ഗേൾസ് ഹൈസ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ഹൈസ്കൂൾ കാലഘട്ടത്തിൽ ഒമ്പതാം ക്ലാസ് മുതൽ അഭിനയ രംഗത്തേക്ക് ചുവടുവെക്കുകയായിരുന്നു.
നാടക പാരമ്പര്യത്തിന് പേരുകേട്ട കൊല്ലത്തെ മണ്ണിൽ പിറന്ന നടി നാടകത്തിലൂടെതന്നെയാണ് അഭിനയത്തിലേക്ക് കടന്നത്. ഹൈസ്കൂളിൽ പഠിക്കുമ്പോൾ കനകലതയുടെ വീടിന് സമീപം നടി കവിയൂർ പൊന്നമ്മയുടെ മാതാവും സഹോദരങ്ങളും താമസമാക്കിയിരുന്നു. ആ കുടുംബവുമായുള്ള ബന്ധമാണ് കനകലത എന്ന കലാകാരിയുടെ പിറവിക്ക് വഴിയൊരുക്കിയത്. കവിയൂർ പൊന്നമ്മയുടെ സഹോദരി കവിയൂർ രേണുകയാണ് തന്റെ ഗുരുവെന്ന് കനകലത പിന്നീട് പറഞ്ഞിട്ടുണ്ട്.
നാടകരംഗത്തേക്ക് കനകലതയെ കൈപിടിച്ചുകയറ്റിയത് കവിയൂർ രേണുകയും പിതാവുമാണ്. ഉളിയക്കോവിൽ കേളത്ത് ക്ഷേത്രത്തിലെ വേദിയിലായിരുന്നു നാടകത്തിൽ അരങ്ങേറ്റം. ക്രിസ്തുരാജ് സ്കൂൾ അധ്യാപകൻ ആയിരുന്ന കോട്ടപ്പുറം ജോയി രചിച്ച ‘വാട്ടർ ലൂ’ എന്ന നാടകത്തിലൂടെ. അമച്വർ നാടകങ്ങളിലൂടെ നടിയായി പേരെടുത്ത അവർ പിന്നീട് എ.കെ. രാജുവിന്റെ എ.കെ. തിയറ്റേഴ്സിലും തുടർന്ന് കാളിദാസ കലാകേന്ദ്രത്തിന്റെ നാടകങ്ങളിലും നടിയായി.
പ്രഫഷനൽ നാടകങ്ങളിലെ മികവാണ് സിനിമയിലേക്ക് വാതിൽ തുറന്നത്. ആശ്രാമത്ത് നിന്ന് അയത്തിലിലേക്ക് താമസം മാറിയ കുടുംബത്തെ തേടി കനകലതയുടെ ആദ്യ സിനിമാ അവസരം എത്തുകയായിരുന്നു. ലെനിൻ രാജേന്ദ്രൻ ഉൾപ്പെടെ നിർമാതാക്കളായ ‘ഉണർത്തുപാട്ട്’ എന്ന സിനിമയിലേക്ക് കുടുംബസുഹൃത്ത് വഴി പി.എ. ബക്കർ എന്ന അനശ്വര സംവിധായകൻ അവസരം നൽകി.
ആ സിനിമ പൂർത്തിയായെങ്കിലും റിലീസ് ആയില്ല. തുടർന്ന് ലെനിൻ രാജേന്ദ്രൻ സംവിധായകനായ ചില്ല് എന്ന സിനിമയിലൂടെ സിനിമ മേഖലയിലും സാന്നിധ്യം അറിയിച്ചു തുടങ്ങിയ കനകലത പിന്നീട് 360 ഓളം ചിത്രങ്ങളിലാണ് അഭിനയിച്ചത്. സീരിയലിലും ജനപ്രിയ താരമായി.
സിനിമയിൽ തിരക്കുള്ള നടിയായപ്പോൾ തിരുവനന്തപുരത്തേക്ക് താമസം മാറ്റുകയായിരുന്നു. അപ്പോഴും നാടകത്തെ ചേർത്തുനിർത്തി. തന്റെ അഭിനയരംഗത്തെ വളർച്ചക്ക് പിന്നിലെ എല്ലാ ക്രെഡിറ്റും നാടകത്തിനാണ് എന്ന് പറഞ്ഞിരുന്ന നടിയുടെ വിയോഗം കൊല്ലത്തിന്റെ കലാലോകത്തിന് തീരാനഷ്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.