കൊല്ലം: സാമൂഹിക സുരക്ഷാ പെൻഷൻ തടയുന്ന കാര്യത്തിൽ ഭരണാധികാരികൾ കാണിക്കുന്ന വ്യഗ്രത അർഹതപ്പെട്ടവർക്ക് കുടിശ്ശിക നൽകുന്ന കാര്യത്തിലും കാണിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. വാർധക്യകാല പെൻഷൻ വൈകി നൽകിയതും കുടിശ്ശിക നൽകാത്തതും ചോദ്യംചെയ്ത് സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് കമീഷനംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്.
രണ്ടാഴ്ചയ്ക്കകം കുടിശ്ശിക നൽകണമെന്നും കമീഷൻ ഉത്തരവിട്ടു. കൊല്ലം കലക്ടർ കമീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരനായ പട്ടത്താനം അമ്മൻനഗർ -2, മണിച്ചിത്തോട് വയലിൽ പുത്തൻവീട്ടിൽ രാമരാജുവിന് 2013 ഡിസംബറിൽ വാർധക്യകാല പെൻഷൻ അനുവദിച്ചിരുന്നെങ്കിലും അത് നൽകിത്തുടങ്ങിയത് 2015 ഒക്ടോബർ - നവംബർ മാസത്തിലാണെന്ന് പറയുന്നു. 2016 ഓണത്തിന് കുടുംബശ്രീ നടത്തിയ സർവേയിൽ പരാതിക്കാരൻ ഉൾപ്പെട്ടില്ലാത്തതുകാരണം കുടിശ്ശിക ലഭിച്ചില്ല.
നിലവിൽ അതത് മാസത്തെ പെൻഷൻ നൽകുന്നുണ്ട്. കുടിശ്ശിക സർക്കാർ അനുവദിക്കുന്നമുറക്ക് നൽകുമെന്നും റിപ്പോർട്ടിലുണ്ട്. കലക്ടറുടെ റിപ്പോർട്ടിൽ സാങ്കേതിക ന്യായങ്ങളാണ് നിരത്തിയിരിക്കുന്നതെന്ന് കമീഷൻ നിരീക്ഷിച്ചു. 2013 ഡിസംബർ മുതലുള്ള പെൻഷൻ കുടിശ്ശിക ഉത്തരവ് ലഭിച്ച് രണ്ടാഴ്ചക്കകം നൽകണമെന്നും കമീഷൻ കലക്ടർക്ക് നൽകിയ ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.