കോട്ടയം: പിതാവിന്‍റെ ഓർമകളെ നാടിനൊപ്പം സിജു ചേർത്തുനിർത്തുമ്പോൾ പരക്കുന്നത് നന്മയുടെ തെളിനീർ. കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന നാട്ടുകാരുടെ വേദന മനസ്സിലാക്കി സിജു മൈക്കിൾ സ്ഥലം വിട്ടുനൽകിയതോടെ കടനാട് പഞ്ചായത്തിലെ നിലൂർ കിഴിമണ്ണിൽ പൊതുകുഴൽകിണർ യാഥാർഥ്യമായി. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി പഞ്ചായത്ത് കുഴൽക്കിണർ നിർമിക്കാൻ പണം അനുവദിച്ചെങ്കിലും ഇതിനുള്ള സ്ഥലം കടമ്പയായി. ഇതോടെ കടനാട് നീലൂർ കല്ലൂർ വീട്ടിൽ സിജു മൈക്കിൾ സ്ഥലം വിട്ടുനൽകി. പിതാവ് കെ.വി. മൈക്കിളിന്‍റെ ഓർമക്കായിട്ടായിരുന്നു ഇത്. ഇതോടെ പഞ്ചായത്ത് നേതൃത്വത്തിൽ കുഴൽക്കിണർ കുഴിച്ചു.
കഴിഞ്ഞദിവസം വെള്ളവും കിട്ടി. ഇതിൽനിന്നുള്ള കുടിവെള്ള വിതരണം ആരംഭിക്കുന്നതോടെ വർഷങ്ങളായി വെള്ളംതേടി ഒന്നരകിലോമീറ്ററിലധികം സഞ്ചരിക്കേണ്ടിവന്നിരുന്ന 35 ഓളം കുടുംബങ്ങളുടെ ദുരിതത്തിനാണ് അറുതിയാവുക. ചെറുപ്പകാലത്ത് താനും വെള്ളം ചുമന്ന് ഏറെദൂരം നടന്നിരുന്നു. അടുത്തിടെ സ്വന്തമായി കുഴൽക്കിണർ കുഴിച്ചതോടെയാണ് ഇതിന് പരിഹാരമായത്. ഇതിന്‍റെ പ്രയാസം അറിയാവുന്നതിനാലാണ് കുഴൽക്കിണറിനുള്ള സ്ഥലം വിട്ടുനൽകിയതെന്നും സിജു പറഞ്ഞു. കർഷകനായ പിതാവിന്‍റെ ഓർമ നിലനിർത്തണമെന്ന ആഗ്രഹവും ഇതിലൂടെ സഫലമായി. പാലായിലെ മാരുതി സർവിസ് സെന്‍ററിൽ സർവിസ് അഡ്വൈസറായി ജോലി ചെയ്തുവരികയാണ് സിജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.