കോട്ടയം: കനത്ത ചൂട് തുടരുന്നതിനിടെ, ജില്ലയിലെ 13 പഞ്ചായത്തുകൾ വരൾച്ചാബാധിതമെന്ന് റിപ്പോർട്ട്. ഇതിൽ മുണ്ടക്കയം, കോരുത്തോട്, വിജയപുരം പഞ്ചായത്തുകളിൽ വരൾച്ച രൂക്ഷമെന്നാണ് ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ. ഈ മൂന്ന് പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും വരൾച്ചാബാധിതമെന്നാണ് അതോറിറ്റിയുടെ റിപ്പോർട്ട്.
എരുമേലി, വാകത്താനം, തലപ്പലം, പാറത്തോട്, പുതുപ്പള്ളി, കറുകച്ചാൽ, കാണക്കാരി, വാഴൂർ, മാടപ്പള്ളി, മണിമല പഞ്ചായത്തുകളിലും വരൾച്ച രൂക്ഷമാണ്. ഇവിടങ്ങളിലെ ഭൂരിഭാഗം വാർഡുകളെയും ജലക്ഷാമം ബാധിച്ചിട്ടുണ്ട്. ജില്ലയിലെ ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകളും ജലക്ഷാമത്തിലാണെന്നാണ് വിലയിരുത്തൽ.
ഇവിടങ്ങളിലെ കിണറുകളടക്കം ഭൂരിഭാഗം ജലസ്രോതസ്സുകളും വറ്റിയ നിലയിലാണ്. വരൾച്ചാബാധിതമെന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കാൻ തനത് ഫണ്ടിൽനിന്ന് പണം ചിലവഴിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
മലയോരമേഖലകളിൽ പലയിടങ്ങളിലും ജലവിതരണം ആരംഭിച്ചിട്ടുമുണ്ട്. വരൾച്ച ബാധിതപ്രദേശമായി പ്രഖ്യാപിച്ചാലെ കാർഷികവിളകൾക്ക് അടക്കം ചൂടുമൂലം നാശനഷ്ടം നേരിട്ടാൽ പ്രകൃതിക്ഷോഭമായി കണക്കാക്കി നഷ്ടപരിഹാരം ലഭിക്കൂ. പഞ്ചായത്തുകളുടെ റിപ്പോർട്ടുകൾ പരിഗണിച്ച് അടുത്തഘട്ടമായി കൂടുതൽ തദ്ദേശസ്ഥാപനങ്ങളെ ജില്ല ദുരന്തനിവാരണ അതോറിറ്റി വരൾച്ചാബാധിതമായി പ്രഖാപിക്കുമെന്നാണ് വിവരം.
അതിനിടെ, വരൾച്ചയിൽ കൃഷിക്കുണ്ടായ നാശം കണ്ടെത്താനുള്ള നടപടികൾക്ക് കൃഷിവകുപ്പ് തുടക്കമിട്ടു. കർഷകർ അറിയിക്കുന്നതനുസരിച്ച് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിവരികയാണെന്ന് ജില്ല പ്രിൻസിപ്പൽ കൃഷിഓഫീസർ അറിയിച്ചു. ഇത് പൂർത്തിയായാൽ മാത്രമേ കൃത്യമായ നാശം കണക്കാക്കാൻ കഴിയുകയുള്ളൂവെന്നും ഇവർ അറിയിച്ചു.
വാഴ കൃഷിക്കാണ് കൂടുതൽ നാശമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് വാഴകൾ നശിച്ചതായാണ് പ്രാഥമിക നിഗമനം. എന്നാൽ, നെല്ല്അടക്കം മറ്റ് വിളകളെ ഇതുവരെ ചൂട് കാര്യമായി ബാധിച്ചിട്ടില്ലെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
മലയോരമേഖലകളിൽ ആറുകളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നനിലയിലാണ്. മണിമലയാറിറലെ ജലനിരപ്പ് കുറഞ്ഞതോടെ മുണ്ടക്കയത്തെ ജലഅതോറിറ്റിയുടെ കുടിവെള്ള പമ്പിങ് താറുമാറായി. മീനച്ചിലാറ്റിലും ജലനിരപ്പ് കുറയുന്നത് കുടിവെള്ള പമ്പിങിനെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. മീനച്ചിലാറ്റിൽ ജലഅതോറിറ്റിയുടെ ഒമ്പത് മേജർ കുടിവെള്ള പദ്ധതികളും നാലു മൈനർ കുടിവെള്ള പദ്ധതികളുമാണുള്ളത്.
20 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലേക്കും മീനച്ചിലാറ്റിലെ വെള്ളമാണ് എത്തുന്നത്. ജലനിരപ്പ് ഇനിയും താഴ്ന്നാൽ പല പദ്ധതികളും നിർത്തിവെക്കേണ്ടിവരുമെന്നാണ് ജലഅതോറിറ്റി അധികൃതർ പറയുന്നത്. 2004ലെ കടുത്ത വരൾച്ചയിൽ മീനച്ചിലാറ്റിൽനിന്നുള്ള ജലഅതോറിറ്റിയുടെ പമ്പിങ് മുടങ്ങിയിരുന്നു.
മുണ്ടക്കയം: കൊടുംവേനലിലും ജലസമൃദ്ധമായിരുന്ന മണിമലയാറിന്റെ പ്രധാന കയങ്ങളിലെല്ലാം, പ്രളയത്തിൽ കല്ലുംചെളിയും വന്നുമൂടിയതോടെ കയങ്ങൾ പൂർണമായും അപ്രത്യക്ഷമായി. ഇന്ന് മണൽകൂനയും വലിയ പാറക്കെട്ടുകളും മാത്രമാണ് മണിമലയാറിൽ അവശേഷിക്കുന്നത്.
ഈ സാഹചര്യത്തിൽ മുണ്ടക്കയം രണ്ടാംവാർഡ് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ മണിമലയാറ്റിൽ താൽക്കാലിക ഓലികൾ നിർമിച്ചാണ് ജലക്ഷാമം പരിഹരിക്കുന്നത്. പഞ്ചായത്ത് അംഗം സി.വി.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് താൽക്കാലിക ഓലികൾ നിർമ്മിക്കുന്നത്. പുല്ലകയാറിലെ കലാദേവി, കല്ലേപ്പാലം ഭാഗത്ത് 12 താൽക്കാലിക ഓലികളാണ് ഇത്തരത്തിൽ നിർമിച്ചിരിക്കുന്നത്.
വേനൽ ശക്തിപ്രാപിച്ച സമയത്ത് തന്നെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഈ ഭാഗത്ത് താൽക്കാലിക തടയണ നിർമിച്ചിരുന്നു.
നാളുകളോളം ആളുകൾക്ക് കുളിക്കുന്നതിനും മറ്റ് വീട്ടാവശ്യങ്ങൾക്കും ഇവിടെനിന്നും ജലം ലഭിച്ചിരുന്നു. എന്നാൽ ഇതും പൂർണമായും വറ്റിയതോടെയാണ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പ്രദേശവാസികൾക്ക് അത്യാവശ്യ ജലം ലഭ്യമാക്കാൻ താൽക്കാലിക ഓലികൾ നിർമിച്ചിരിക്കുന്നത്. കൂട്ടിക്കലിൽ സ്വകാര്യ വ്യക്തികളും നാട്ടുകാർക്ക് ഓലി നിർമിച്ചു നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.