കോട്ടയം: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഇറക്കത്തിൽ അപകടം പതിയിരിക്കുന്നു. സ്റ്റാൻഡിലെ ഇറക്കത്തിൽ നിർത്തിയിടുന്ന ബസ് പിന്നോട്ടുരുണ്ട് കോട്ടയം പ്രസ് ക്ലബ്ബിന്റെ ഗേറ്റും പൊതുമരാമത്ത് വകുപ്പ് ഓഫിസിന്റെ മതിലും തകർത്തത് രണ്ട് തവണയാണ്.
നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന ടി.ബി റോഡിന് കുറുകെയാണ് മിക്കപ്പോഴും സ്റ്റാൻഡിലേക്ക് കയറുന്ന ബസുകൾ കാത്തുകിടക്കുന്നത്. ഇറക്കത്തിന് സമീപം സ്ഥാപിച്ച സൈൻ ബോർഡ് ബസിന് പിന്നിലെ ഏണിയിൽ കുടുങ്ങിയ സംഭവവും ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഇറക്കത്തിൽ ബസ് നിർത്തിയ ശേഷമാണ് ബസുകൾ അകത്തേക്ക് കയറിപ്പോകുന്നത്. യാത്രക്കാരുടെ ജീവൻ പണയംവെച്ചാണ് കെ.എസ്.ആർ.ടി.സിയുടെ ഇത്തരം നടപടികൾ.
കഴിഞ്ഞ ബുധനാഴ്ചയാണ് ഗിയർ തകരാറിലായതിനെ തുടർന്ന് ഇറക്കത്തിൽ നിർത്തിയിട്ട ബസ് പിന്നിലേക്കുരുണ്ട് മതിൽ തകർത്തത്. ഇതിന് മുമ്പ് കഴിഞ്ഞ ജൂലൈയിൽ പുലർച്ചയും കെ.എസ്.ആർ.ടി.സി ബസ് പിന്നിലേക്കുരുണ്ട് മതിൽ തകർത്തത്.
ഇറക്കത്തിൽ ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ കാപ്പികുടിക്കാൻ പോയ സമയത്താണ് സംഭവം. രണ്ട് അപകടങ്ങൾ നടക്കുമ്പോഴും റോഡിൽ തിരക്കില്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്. കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ ഉത്തരവാദിത്തമില്ലായ്മയാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്നാണ് ആക്ഷേപം. സ്റ്റാൻഡിലെ സ്ഥലപരിമിതിയാണ് ദീർഘദൂര ബസുകളടക്കം ഇത്തരത്തിൽ റോഡിൽ നിരയായി കിടക്കാൻ കാരണം.
സ്റ്റാൻഡിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ദീർഘമായ ഗതാഗതക്കുരുക്കാണ് ടി.ബി റോഡ് മുതൽ അനുഭവപ്പെടുന്നത്. പരിമിതമായ സ്ഥലസൗകര്യത്തിലാണ് ജില്ലയിലെ പ്രധാനപ്പെട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. അന്തർസംസ്ഥാന സർവീസ് അടക്കമുള്ള ദീർഘദൂര ബസുകൾ കയറുന്ന സ്റ്റാൻഡിലാണ് ഈ അവസ്ഥ.
സ്റ്റാൻഡിന് താഴെയുള്ള ഗ്രൗണ്ടിലാണ് ബസുകൾ നിർത്തിയിടുന്നത്. ഗ്രൗണ്ടിലെ സ്ഥലപരിമിതി മൂലം ലഭിക്കുന്ന സ്ഥലത്താണ് ബസുകൾ നിർത്തിയിടുന്നത്. ചിലപ്പോൾ ഗാരേജിൽ നിന്നുമുള്ള ബസുകൾ സ്ഥലംപിടിച്ചാൽ സർവീസ് ബസുകൾ നിർത്തിയിടാനും അസൗകര്യമുണ്ടാകാറുണ്ട്. 12 വർഷത്തിനുമേൽ പഴക്കമുള്ള ബസുകളാണ് നഗരത്തിൽ സർവീസ് നടത്തുന്നവയിൽ മിക്കവയും.
പലയിടങ്ങളിലും ഇവ പണി മുടക്കുന്നത് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നു. ഒരേസമയം ഏതാനും ബസുകൾ നിർത്തിയിടാനുള്ള പരിമിതസൗകര്യമാണ് സ്റ്റാൻഡിലുള്ളത്. ടൈൽ പാകിയ ഇറക്കത്തിൽനിന്നും ഇനിയും ബസുകൾ ഇറക്കത്തിൽ നിന്നുരുണ്ട് അപകടത്തിൽപെടാൻ സാധ്യത കൂടുതലാണ്.
ഇറക്കത്തിൽ ഹമ്പുകൾ പോലുള്ള തടയണകൾ സ്ഥാപിച്ചാൽ ഒരുപരിധിവരെ അപകടങ്ങൾ ഒഴിവാകും. ഇറക്കത്തിൽ വണ്ടി നിർത്തി ഇറങ്ങിപ്പോകുന്ന ഡ്രൈവർമാരുടെ ഉത്തരവാദിത്തമില്ലായ്മക്കെതിരെ നടപടി വേണമെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.