കോട്ടയം: 48 ലക്ഷം മുടക്കി വാങ്ങിയ പോള വാരൽ യന്ത്രം ആദ്യദിവസം തന്നെ കേടായെന്ന് ജില്ല പഞ്ചായത്ത്. എങ്കിൽ ആ യന്ത്രമൊന്നു കാണണമെന്ന് ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് രാജശ്രീ രാജഗോപാൽ. കോട്ടയം-ആലപ്പുഴ ജലപാതയിലെ പോള ശല്യം സംബന്ധിച്ച പരാതി പരിഗണിക്കവെ ആയിരുന്നു സെക്രട്ടറിയുടെ പരാമർശം.
പോളശല്യം കാരണം ആലപ്പുഴ ബോട്ട് സർവിസ് നിർത്തിവെച്ചിരിക്കുകയാണ്. പോള നീക്കേണ്ടത് ഇറിഗേഷൻ വകുപ്പാണെങ്കിലും അവർ അനങ്ങിയിട്ടില്ല.
സിറ്റിങ്ങിൽ പങ്കെടുക്കാൻ നോട്ടീസ് അയച്ചെങ്കിലും ഇറിഗേഷൻ, ജലഗതാഗത വകുപ്പ് പ്രതിനിധികൾ ഹാജരായില്ല. പോള നീക്കാൻ താൽക്കാലികമായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നും പോള വാരൽ യന്ത്രത്തിന്റെ അവസ്ഥയും സെക്രട്ടറി അന്വേഷിച്ചു.
പോള വാരൽ യന്ത്രം കേടായ വിവരം ജില്ല പഞ്ചായത്തിനുവേണ്ടി ഹാജരായ സീനിയർ സൂപ്രണ്ടാണ് അറിയിച്ചത്. യന്ത്രം ഉപയോഗിച്ച് ഉപരിതലത്തിലെ പോള മാത്രമേ നീക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, യന്ത്രം ഇപ്പോൾ എവിടെയാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാനായില്ല. തുടർന്നാണ് പോള വാരൽ യന്ത്രം കാണണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടത്. അടുത്ത ദിവസം സ്ഥലം സന്ദർശിക്കാനും തീരുമാനിച്ചു. 2018ൽ സഖറിയാസ് കുതിരവേലി അധ്യക്ഷനായിരിക്കെയാണ് ഒരു മണിക്കൂറിൽ അഞ്ച് ടൺ പോള വാരാൻ ശേഷിയുള്ള യന്ത്രം വാങ്ങിയത്.
എന്നാൽ, കുമരകത്തുവെച്ച് ഉദ്ഘാടനത്തിനിടെ കേടായ യന്ത്രം ഏറെക്കാലം വെള്ളത്തിൽകിടന്ന് തുരുമ്പെടുത്തു. പിന്നീട് കരക്കു കയറ്റി കോടിമതയിൽ എത്തിച്ചിരുന്നു. യന്ത്രത്തിന്റെ സൂക്ഷിപ്പുകാർ കൃഷി വകുപ്പ് ആയതിനാൽ അവരെക്കൂടി കേസിൽ കക്ഷിചേർക്കും.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോട്ടയം, ആലപ്പുഴ ജില്ല മേധാവികൾ ഹാജരായിരുന്നു. നഗരത്തിലെ മാലിന്യപൈപ്പുകൾ ആറ്റിലേക്കു തുറക്കുന്നതിനാലാണ് പോള തഴച്ചുവളരുന്നതെന്ന് ഇവർ പറഞ്ഞു. ബോട്ടുകളിലെ മാലിന്യം വെള്ളത്തിലേക്കു തള്ളുന്നതും പോള വളരാൻ ഇടയാക്കുന്നു.
തണ്ണീർമുക്കം ബണ്ട് പൂർണമായി തുറക്കാത്തതാണ് പോള അടിയാൻ കാരണമെന്നും ഇവർ ചൂണ്ടിക്കാട്ടി. ഇറിഗേഷൻ, ജലഗതാഗതവകുപ്പ് പ്രതിനിധികൾക്ക് രജിസ്റ്റേഡ് നോട്ടീസ് അയക്കാൻ നിർദേശം നൽകി. കേസ് ജൂൺ ആറിന് പരിഗണിക്കും.
ആർപ്പൂക്കര-നേരെകടവ് റോഡിൽ ആദർശം ക്ലബിന് മുന്നിലെ പുതിയ ട്രാൻസ്ഫോർമറിൽനിന്നുള്ള വൈദ്യുതി വിതരണം സംബന്ധിച്ച പരാതി പരിഗണിച്ചെങ്കിലും കെ.എസ്.ഇ.ബി പ്രതിനിധികൾ ഹാജരായില്ല. ഇവർക്കും നോട്ടീസ് അയക്കും.
മെഡിക്കൽ കോളജിലെ വെട്ടി മാറ്റപ്പെട്ട മരങ്ങൾക്ക് പകരം പുതിയ വൃക്ഷത്തൈകൾ നടന്നതു സംബന്ധിച്ച കേസും ഈരയിൽക്കടവ്-മുട്ടമ്പലം പി.ഡബ്ല്യു.ഡി. റോഡിലെ വെള്ളക്കെട്ട് സംബന്ധിച്ച കേസും പരിഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.