മുണ്ടക്കയം: ശബ്ദപ്രചാരണം തുടങ്ങിയെങ്കിലും നിശ്ശബ്ദമാണ് അപ്പച്ചനും കൂട്ടുകാരും. തെരഞ്ഞെടുപ്പുകാലത്ത് ഊണും ഉറക്കവുമില്ലാതെ രാവും പകലും സ്വന്തം ശബ്ദമുപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണം കൊഴുപ്പിച്ചിരുന്ന അപ്പച്ചൻ കോവിഡ് കാലത്തെ പ്രചാരണത്തിൽ 'പരിധിക്ക് പുറത്താണ്'. ഇനിയെങ്കിലും പഴയകാലേത്തക്ക് തിരിച്ചുപോകാനാകുമോയെന്ന ആശങ്കയിലാണ് വേലനിലം കുന്നേല്‍ അപ്പച്ചനും (57) സഹപ്രവര്‍ത്തകരും. തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡം കടന്നുകൂടിയതോടെ മൈക്ക് സെറ്റ് ഉപയോഗിച്ചുള്ള പ്രചാരണം കുറഞ്ഞതാണ് ഇവരുടെ തൊഴില്‍ പ്രതിസന്ധിക്കിടയാക്കിയത്.
ഏത് പാര്‍ട്ടിയില്‍പെട്ട സ്ഥാനാര്‍ഥികളുടെ പ്രചാരണമായാലും പുതിയ കച്ചവട സ്ഥാപനങ്ങളുടെ ഉദ്ഘാടനമായാലും തിയറ്ററുകളില്‍ പുതിയ സിനിമയുടെ വരവ് അറിയിക്കാനായാലും മുണ്ടക്കയത്തുകാര്ക്ക് സ്വന്തം ശബ്ദമായ അപ്പച്ചെൻറ അനൗണ്‍സ്മെൻറ് നിര്‍ബന്ധമാണ്. മുണ്ടക്കയത്തിെൻറ ശബ്ദമെന്നാല്‍ അപ്പച്ചെൻറ ശബ്ദമെന്ന നിലയിലായിരുന്നു പരസ്യപ്രചാരണ രംഗത്ത് കെ.എം. അപ്പച്ചന് സ്ഥാനമുറപ്പിച്ചത്. ടൗണിെൻറ സ്പന്ദനം അപ്പച്ചെൻറ ശബ്ദത്തില്‍ സ്വന്തം മൈക്ക് സെറ്റിലൂടെ മുഴങ്ങാന്‍ തുടങ്ങിയിട്ട് മൂന്നരപ്പതിറ്റാണ്ട് കഴിഞ്ഞു.
തിരുവനന്തപുരം മുതൽ ഇടുക്കി വരെ സംസ്ഥാനത്തിെൻറ വിവിധ പ്രദേശങ്ങളിലെ ആളുകള്‍ക്ക് സുപരിചിതമാണ് അപ്പച്ചെൻറ ശബ്ദം. തെരഞ്ഞെടുപ്പുകാലത്ത് അപ്പച്ചനും സഹപ്രവര്‍ത്തകര്‍ക്കും തിരക്കോട് തിരക്കായിരുന്നുവെന്നത് പഴയകഥ. സ്വന്തമായി മൈക്ക് സെറ്റുമുള്ള അപ്പച്ചന് ഇതുവരെ കാര്യമായി തിരക്കില്ല. ''കോവിഡ് ജീവിതത്തെ മാറ്റിമറിച്ചു. എങ്കിലും ജീവിക്കാതിരിക്കാന്‍ പറ്റില്ലല്ലോ'' എന്നാണ് അപ്പച്ചെൻറ ഭാഷ്യം. ജീപ്പില്‍ പച്ചക്കറിയും പഴവര്‍ഗങ്ങളും നിറച്ച് അപ്പച്ചനും മകനും കച്ചവടത്തിനിറങ്ങും. അതാണ് ഇപ്പോഴത്തെ വരുമാനമാര്‍ഗം.
കഴിഞ്ഞ കാലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായാലുടന്‍ അപ്പച്ചനെത്തേടി പാര്ട്ടിക്കാര് ഓടിയെത്തുമായിരുന്നു. ഇത്തവണ അതുണ്ടായില്ല. സ്ഥാനാർഥികളുടെ പര്യടന പരിപാടികള്‍ ആരംഭിെച്ചങ്കിലും കാര്യമായ ഗുണം ഒന്നും കിട്ടിയിെല്ലന്ന് അപ്പച്ചന് പറയുന്നു. മൂത്ത സഹോദരന് പരേതനായ രാജുവായിരുന്നു അനൗൺസ്മെൻറിൽ അപ്പച്ചെൻറ ഗുരു. കോട്ടയം, ഇടുക്കി ജില്ലകളിലെ പുതുതലമുറയിലെ അനൗണ്‍സർമാരുടെയും ഗുരുനാഥനായിരുന്നു രാജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.