കോട്ടയം: സാമ്പത്തിക വർഷം അവസാനിക്കാൻ നാലുദിവസം മാത്രം ബാക്കിനിൽക്കെ ജില്ലയുടെ വാർഷിക പദ്ധതി 70 ശതമാനംപോലും പൂർത്തിയാക്കാനായില്ല. 67.07 ശതമാനം മാത്രമാണ് ചെലവഴിച്ചത്. 2022-23 വർഷത്തേക്കായി 381.85 കോടി രൂപയാണ് വകയിരുത്തിയത്. ചെലവഴിക്കാനായത് 256.11കോടി മാത്രം. പദ്ധതിച്ചെലവിൽ മൂന്നാംസ്ഥാനത്താണ് ജില്ല.
കഴിഞ്ഞ സാമ്പത്തിക വർഷവും ജില്ലക്ക് മൂന്നാംസ്ഥാനമുണ്ടായിരുന്നെങ്കിലും 92.68 ശതമാനമായിരുന്നു പദ്ധതിച്ചെലവ്. ആലപ്പുഴ (70.63), കൊല്ലം (68.74) ജില്ലകളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്. ജനറൽ പദ്ധതികൾക്ക് വകയിരുത്തിയ 210.54 കോടിയിൽ 149.39 കോടി ചെലവിട്ടു.
70.96 ശതമാനമാണിത്. എസ്.സി പദ്ധതികൾക്കായി നീക്കിവെച്ച 68.67കോടിയിൽ 46.41 കോടിയും (67.59 ശതമാനം) എസ്.ടി വിഭാഗത്തിനുള്ള 4.33 കോടിയിൽ 2.78 കോടിയും ചെലവഴിച്ചു (64.22 ശതമാനം). പഞ്ചായത്തുകളിൽ പാമ്പാടിയാണ് 82.94 ശതമാനവുമായി മുന്നിലുള്ളത്.
കുറിച്ചി, വാഴൂർ, പായിപ്പാട്, ചിറക്കടവ് പഞ്ചായത്തുകൾ 80 ശതമാനം കടന്നു. ബ്ലോക്ക് പഞ്ചായത്തുകളിൽ 86.32 ശതമാനം നേട്ടവുമായി വൈക്കമാണ് ഒന്നാമത്. നഗരസഭകളിൽ പാലായും (84.70). സംസ്ഥാനത്തുതന്നെ മൂന്നാംസ്ഥാനത്തുണ്ട് പാലാ. ജില്ലയിലെ ആറ് നഗരസഭയിൽ വാർഷിക പദ്ധതി പൂർത്തീകരിക്കുന്നതിൽ കോട്ടയമാണ് പിന്നിൽ.
• പാലാ -84.70 ശതമാനം
• ഏറ്റുമാനൂർ -63.46
• വൈക്കം -62.68
• ചങ്ങനാശ്ശേരി -60.49
• ഈരാറ്റുപേട്ട - 59.37
• കോട്ടയം - 55.55
കോട്ടയം നഗരസഭയിൽ 23.80 കോടി വകയിരുത്തിയതിൽ 13.22 കോടി മാത്രമാണ് ചെലവഴിച്ചത്- 55.55 ശതമാനം. ജനറൽ പദ്ധതികൾക്കായി വകയിരുത്തിയ 9.62 കോടിയിൽ 6.67 കോടിയും (69.26 ശതമാനം) എസ്.സി പദ്ധതികൾക്കായി വകയിരുത്തിയ 3.78 കോടിയിൽ 1.64 കോടിയും (43.5 ശതമാനം) എസ്.ടി വിഭാഗങ്ങൾക്കായി നീക്കിവെച്ച 0.07 കോടിയിൽ 0.04 കോടിയും (58.99 ശതമാനം) ചെലവഴിച്ചു.
ജില്ല പഞ്ചായത്തിന്റെ പദ്ധതിച്ചെലവ് 50.50 ശതമാനമാണ്. 52.42 കോടി രൂപ നീക്കിവെച്ചതിൽ 26.47 കോടി മാത്രമാണ് ചെലവഴിക്കാനായത്. ജനറൽ പദ്ധതികൾക്കായി വകയിരുത്തിയ 28.22 കോടിയിൽ 15.35 കോടി (54.41 ശതമാനം) ചെലവഴിച്ചു. എസ്.സി വിഭാഗത്തിനുള്ള 12.04 കോടിയിൽ ചെലവഴിച്ചത് വെറും 7.05 കോടിയും (58.55 ശതമാനം). എസ്.ടി വിഭാഗത്തിനുള്ള 0.79 കോടിയിൽ 0.38 കോടിയും (47.77 ശതമാനം) ചെലവഴിച്ചു. കഴിഞ്ഞവർഷം 92.45 ശതമാനം ചെലവഴിച്ച് രണ്ടാംസ്ഥാനത്തുണ്ടായിരുന്ന ജില്ല പഞ്ചായത്ത് ഇത്തവണ 12ാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.