കിടങ്ങൂർ: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കടപ്ലാമറ്റം ഇല്ലത്തുവീട്ടിൽ സ്റ്റെഫിൻ ഷാജി (19) അറസ്റ്റിൽ. ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 11ന് ചേർപ്പുങ്കൽ കെ.ടി.ഡി.സി ബിയർ പാർലറിന് സമീപം പുലിയന്നൂർ സ്വദേശിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
യുവാവും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിന് മാർഗതടസ്സം സൃഷ്ടിക്കുന്ന രീതിയിൽ നിന്ന പ്രതികളോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാക്തർക്കം ഉണ്ടായത്. ഇയാൾക്ക് കിടങ്ങൂർ സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. എസ്.എച്ച്.ഒ കെ.ആർ. ബിജു, എസ്.ഐ ജസ്റ്റിൻ, പത്രോസ്, എ.എസ്.ഐ ബിജു ചെറിയാൻ, സി.പി.ഒമാരായ സുനിൽ, സനീഷ്, ജിനീഷ്, ജോസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഗാന്ധിനഗർ: വീട്ടമ്മയെ ആക്രമിച്ച കേസിൽ പെരുമ്പായിക്കാട് വട്ടമുകൾ വീട്ടിൽ ജയേഷ് (22) അറസ്റ്റിൽ. ഇയാൾ കഴിഞ്ഞദിവസം വീട്ടമ്മയുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി മേച്ചിൽ ഓട് കൊണ്ട് വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. മുമ്പ് ഇയാൾക്കെതിരെ പൊലീസിൽ കേസ് കൊടുത്തതിലെ വിരോധം മൂലമായിരുന്നു വീട്ടമ്മയെ ആക്രമിച്ചത്. എസ്.എച്ച്.ഒ കെ. ഷിജി, സി.പി.ഒമാരായ പ്രവീൺ, സെബാസ്റ്റ്യൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
കോട്ടയം: നിരവധി ക്രിമിനൽ കേസിലെ പ്രതി ചങ്ങനാശ്ശേരി കങ്ങഴ കൊറ്റംചിറ ഭാഗത്ത് തകടിയേൽ അബിനെ (24) കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ വർഷങ്ങളായി മണിമല, കറുകച്ചാൽ, കണ്ണൂർ എന്നിവിടങ്ങളിൽ വധശ്രമം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, ലഹരി വിൽപന, അടിപിടി തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വധശ്രമ കേസിൽ റിമാൻഡിൽ കഴിഞ്ഞുവരവെയാണ് ഇയാളെ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്.
വൈക്കം: ചേർത്തലയിൽനിന്ന് വെച്ചൂർ ഭാഗത്തേക്ക് കാറിൽ കടത്തിയ 30.75 ലിറ്റർ വ്യാജമദ്യം പിടികൂടി. ചേർത്തല കുത്തിയതോട് മേക്കോടത്ത് കോളനിയിൽ സജീറിനെ (35) അറസ്റ്റ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എസ്. സുജിത്തും ഐ.ബി. സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അംബിക മാർക്കറ്റ് ഭാഗത്ത് നടത്തിയ പരിശോധനയിൽ ഇൻഡിഗോ കാറിന്റെ ഡിക്കിയിൽനിന്ന് 41 കുപ്പി വ്യാജമദ്യവും മൂന്നു ചാക്കുകളിൽ സൂക്ഷിച്ചിരുന്ന 1905 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.