കോട്ടയം: ബിഷപ് ഫ്രാങ്കോ കേസിൽ പ്രോസിക്യൂഷന് തിരിച്ചടിയായത് സാക്ഷിമൊഴികൾക്ക് അടിസ്ഥാനമായ രേഖകളും തെളിവുകളും ഹാജരാക്കാൻ കഴിയാതിരുന്നത്. സാക്ഷികളിൽ 39 പേരും പ്രോസിക്യൂഷന് അനുകൂലമായ നിലപാട് സ്വീകരിച്ചെങ്കിലും ഇതിനൊന്നും രേഖകളുടെ പിൻബലമുണ്ടായില്ല.
സുപ്രീംകോടതി വിധിപ്രകാരം ബലാത്സംഗക്കേസിൽ ഇരയുടെ മൊഴി മാത്രം കണക്കിലെടുത്ത് ശിക്ഷ വിധിക്കണമെങ്കിൽ ഇര നൂറുശതമാനം വിശ്വസിക്കാവുന്നയാൾ ആയിരിക്കണം. എന്നാൽ, ഇരയുടെ മൊഴി മാത്രം കണക്കിലെടുത്ത് ശിക്ഷിക്കാൻ കഴിയില്ല എന്നു കാണിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടായിരുന്നെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ. സി.എസ്. അജയൻ പറയുന്നു. നാലു വർഷം വൈകിയാണ് കന്യാസ്ത്രീ പരാതി നൽകിയതെന്നതായിരുന്നു പ്രതിഭാഗം ആദ്യം ചൂണ്ടിക്കാട്ടിയത്. 2014 മേയ് അഞ്ചിനാണ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് പരാതിയിലുള്ളത്. അവസാന പീഡനം 2016 സെപ്റ്റംബർ 23നും.
എന്നാൽ, പരാതി നൽകിയത് 2018 ജൂൺ 28നായിരുന്നു. ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്ന് തെളിയിക്കുന്നതിനുള്ള ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പ്രതിഭാഗം ഹാജരാക്കി. കന്യാസ്ത്രീയുടെ ബന്ധുവിന്റെ മകന്റെ ആദ്യ കുർബാനച്ചടങ്ങിൽ കാലടി പള്ളിയിൽ ഇരുവരും എത്തിയത് ബിഷപ്പിന്റെ കാറിലായിരുന്നു. ഇതിന്റെ വിഡിയോദൃശ്യങ്ങളും പ്രതിഭാഗം ഹാജരാക്കി. ഇരുവരും നല്ല ബന്ധത്തിലായിരുന്നു എന്നും കന്യാസ്ത്രീയുടെ ബന്ധുവായ യുവതി നൽകിയ പരാതിയിൽ ബിഷപ് അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ബന്ധം വഷളായതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. തന്റെ ഭർത്താവുമായി കന്യാസ്ത്രീക്ക് ബന്ധമുണ്ടെന്നായിരുന്നു യുവതിയുടെ ആരോപണം. ഈ പരാതിയിൽ നടപടിയെടുത്തതാണ് ബിഷപ്പിനെതിരായ ആരോപണത്തിന് പിന്നിലെന്ന് പ്രതിഭാഗത്തിന് സ്ഥാപിക്കാനായി.
ബലാത്സംഗം നടന്നു എന്നാരോപിക്കപ്പെടുന്ന കാലയളവിൽ ബിഷപ്പും കന്യാസ്ത്രീയും തമ്മിൽ നിരവധി തവണ ഇ-മെയിൽ സന്ദേശങ്ങളയച്ചതിന്റെ തെളിവുകളും ഹാജരാക്കി. ഒരു വാർത്ത ചാനലിൽ വന്ന സിസ്റ്റർ അനുപമയുടെ അഭിമുഖവും പ്രതിഭാഗം ഉപയോഗിച്ചു. ബിഷപ് ബലാത്സംഗം ചെയ്തതായി അനുപമയടക്കം പലരോടും പറഞ്ഞുവെന്നായിരുന്നു കന്യാസ്ത്രീയുടെ മൊഴി. എന്നാൽ, കേസായപ്പോഴാണ് താൻ അറിഞ്ഞതെന്നായിരുന്നു അഭിമുഖത്തിൽ അനുപമ പറഞ്ഞത്.
കന്യാസ്ത്രീയുടെ വൈദ്യപരിശോധന റിപ്പോർട്ട് പൊലീസ് തിരുത്തിയെന്ന് കോടതിയിൽ തെളിയിക്കാനായി. കോടതിയിൽ നൽകിയ രേഖയിൽ തിരുത്തൽ വരുത്തിയത് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി തള്ളിയതായി പ്രതിഭാഗം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.