കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതായി കലക്ടർ വി. വിഘ്നേശ്വരി അറിയിച്ചു. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതലായി മഴ ലഭിക്കുന്നതിനെയാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ശനിയാഴ്ച മഞ്ഞ അലെർട്ടും അതിശക്തമായ മഴക്കു സാധ്യതയുള്ളതിനാൽ 21, 22 തീയതികളിൽ ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 21ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ മഴക്ക് സാധ്യതയുണ്ട്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.
18 ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും 19 മുതൽ 22 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.
കോട്ടയം: അതിതീവ്ര മഴ സാധ്യതയുള്ളതിനാൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ നിന്ന് സേവനം ലഭിക്കുമെന്ന് കലക്ടർ അറിയിച്ചു. ഫോൺ നമ്പറുകൾ ചുവടെ:
ജില്ല എമർജൻസി ഓപ്പറേഷൻസ് സെന്റർ: 9446562236, 0481 2566300
കോട്ടയം താലൂക്ക്: 0481 2568007
വൈക്കം താലൂക്ക്: 04829 231331
ചങ്ങനാശ്ശേരി താലൂക്ക്: 0481 2420037
കാഞ്ഞിരപ്പള്ളി താലൂക്ക്: 0482 8202331
മീനച്ചിൽ താലൂക്ക്: 0482 2212325
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.