കോട്ടയം: സ്വന്തം അടുക്കളയിൽ വൻതോതിൽ ചാരായം വാറ്റി വിൽപന നടത്തിയിരുന്നയാൾ അറസ്റ്റിൽ. പയ്യപ്പാടി വെണ്ണിമലയിൽ മൂല കുന്നേൽ ജോർജ് റപ്പേലിനെയാണ് (42) രണ്ട് ലിറ്റർ ചാരായവും 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
രണ്ടുവർഷമായി സ്വന്തം വീടിന്റെ അടുക്കളയിൽ 10 ലിറ്ററിന്റെ കുക്കറുകളിൽ വാറ്റുപകരണം ഘടിപ്പിച്ച് ചാരായം വാറ്റുകയായിരുന്നു ഇയാൾ. കഴിഞ്ഞ രണ്ടുദിവസം ഡ്രൈ ഡേ ആയതിനാൽ വൻ വിൽപന പ്രതീക്ഷിച്ച് ശർക്കരയും പഞ്ചസാരയും മറ്റ് സുഗന്ധ ദ്രവ്യങ്ങളും ഇയാൾ ശേഖരിക്കുന്നതായി എക്സൈസിനു വിവരം ലഭിച്ചിരുന്നു. ഓട്ടോറിക്ഷക്കാരന്റെ വേഷത്തിൽ എത്തിയ എക്സൈസ് സംഘത്തിന് തന്റെ ബൈക്കിലെത്തി ചാരായം കൊടുക്കുകയായിരുന്നു. വീട് പരിശോധിച്ചപ്പോൾ അടുക്കളയിൽനിന്ന് ചാരായവും വാറ്റുന്നതിനുള്ള കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ലിറ്ററിന് 800 രൂപ നിരക്കിലായിരുന്നു ഇയാൾ ചാരായം വിറ്റിരുന്നത്.
ചാരായം വാറ്റുമ്പോൾ ഗന്ധം അയൽക്കാർ അറിയാതിരിക്കാൻ സാമ്പ്രാണി പുകക്കുക പതിവായിരുന്നു. എക്സൈസ് കസ്റ്റഡിയിലിരിക്കുമ്പോഴും ഇയാളുടെ മൊബൈൽ ഫോണിലേക്ക് നിരവധി കോളുകൾ വന്നുകൊണ്ടിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നു. കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന് എക്സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ പ്രിവന്റിവ് ഓഫിസർമാരായ കെ.ആർ. ബിനോദ്, അനു വി.ഗോപിനാഥ്, കെ.എൻ. വിനോദ്, ജി. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്യാം ശശിധരൻ, എം.ജി. പ്രദീപ്, കെ.വി. പ്രശോഭ്, രജിത് കൃഷ്ണ, വനിത സിവിൽ എക്സൈസ് ഓഫിസർ വി. വിജയ രശ്മി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.