കോട്ടയം: കലക്ടർ ഡോ. പി.കെ. ജയശ്രീ സർവിസിൽനിന്ന് വിരമിച്ചു. അഡീഷനൽ ജില്ല മജിസ്ട്രേറ്റ് റെജി പി.ജോസഫിന് ചുമതല കൈമാറിയശേഷമാണ് വിരമിച്ചത്. 36 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. ജില്ലയുടെ 47ാമത് കലക്ടറായി 2021 ജൂലൈ 13നാണ് ചുമതലയേറ്റത്.
1963 മേയ് 26ന് വൈക്കം ഉദയാനപുരത്താണ് ജനനം. 1978 ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എട്ടാംറാങ്കിന് അർഹയായി. 1984ൽ കേരളകാർഷിക സർവകലാശാലയിൽനിന്ന് കൃഷിയിൽ ബിരുദവും 2004ൽ ഡോക്ടറേറ്റും നേടി.
1987 മുതൽ 13വർഷം കൃഷി ഓഫിസറായി സേവനമനുഷ്ഠിച്ചു. 2000ത്തിൽ കേരള കാർഷിക സർവകലാശാലയിൽ അസി. പ്രഫസറായി ജോലി ലഭിച്ചു. 2007ൽ സംസ്ഥാന സിവിൽ സർവിസ് പരീക്ഷയിലൂടെ ഡെപ്യൂട്ടി കലക്ടറായി സേവനമാരംഭിച്ചു. 2013ൽ തൃശൂരിൽനിന്ന് 2015ൽ കാസർകോട് നിന്നും മികച്ച ഡെപ്യൂട്ടി കലക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. 2013ൽ ഐ.എ.എസ് ലഭിച്ചു.
മികച്ച വെബ്സൈറ്റിനുള്ള ഡിജിറ്റൽ ഇന്ത്യ ദേശീയ പുരസ്കാരവും കേരളത്തിലെ ആദ്യ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച കലക്ടറേറ്റ് എന്ന നേട്ടവും കോട്ടയം കലക്ടറായിരിക്കെ കൈവരിക്കാനായി. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടാണ് സ്ഥിരതാമസം. എസ്.ബി.ഐയിൽ മാനേജരായിരുന്ന പി.വി. രവീന്ദ്രൻ നായരാണ് ഭർത്താവ്. മക്കൾ: ഡോ. ആരതി ആർ.നായർ, അപർണ ആർ.നായർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.