കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ക്രമസമാധാന പ്രശ്നങ്ങളും അനിഷ്ടസംഭവങ്ങളും ഒഴിവാക്കാൻ വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പുള്ള സമയപരിധിയിൽ കോട്ടയം ജില്ലയിൽ അനധികൃത ആൾക്കൂട്ടം ചേരലും റാലി, ഘോഷയാത്ര തുടങ്ങിയവ നടത്തുന്നതും ഐ.പി.സി. 141ാം വകുപ്പ് പ്രകാരം നിരോധിച്ച് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ വി. വിഘ്നേശ്വരി ഉത്തരവായി.
നിയമവിരുദ്ധമായ ലക്ഷ്യത്തോടുകൂടി അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത് വിലക്കുന്നതാണ് 141-ാം വകുപ്പ്. ബുധനാഴ്ച വൈകീട്ട് ആറ് മുതൽ വിലക്ക് നിലവിൽ വന്നു. വോട്ടെടുപ്പ് അവസാനിക്കുന്നതിനു മുമ്പുള്ള 48 മണിക്കൂർ സമയപരിധിയിൽ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഉച്ചഭാഷിണി അനുവദിക്കില്ല.
വോട്ടെടുപ്പ് ദിനത്തിൽ വരണാധികാരി അനുമതി നൽകിയിട്ടുള്ള വാഹനങ്ങൾക്ക് മാത്രമാണ് ഓടാൻ അനുമതിയുള്ളത്. സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വരണാധികാരി അനുമതി നൽകിയ വാഹനങ്ങൾ വോട്ടെടുപ്പ് ദിനത്തിൽ ഓടാൻ പാടില്ല. പണം, മദ്യം, സമ്മാനങ്ങൾ എന്നിവയുടെ വിതരണം തടയാനും ക്രമസമാധാന പ്രശ്നങ്ങളും ബഹളങ്ങളും ഒഴിവാക്കാനും വേണ്ടിയാണിത്.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ സമയപരിധിയിൽ മദ്യഷോപ്പുകൾ, മദ്യം വിൽക്കുന്ന / വിതരണം ചെയ്യുന്ന ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ക്ലബുകൾ മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മദ്യം വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.