കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം ഭാഗത്തെ റെയിൽപാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പാളത്തിലെ വൈദ്യുതീകരണ ജോലി ആരംഭിച്ചു. കോട്ടയം സ്റ്റേഷനിലാണ് പണി തുടങ്ങിയത്. കനത്ത ചൂടിനെയും പൊടിയെയും വകവെക്കാതെയാണ് കോട്ടയം സ്റ്റേഷനിൽ പണി പുരോഗമിക്കുന്നത്. മാർച്ച് 31ന് മുമ്പ് ഇരട്ടപ്പാത നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പണി പൂർത്തിയാകുന്നതോടെ പ്ലാറ്റ്ഫോമിന് നീളംകൂടും.
നാഗമ്പടം പാലത്തിനടുത്തുനിന്ന് പാളങ്ങൾക്ക് മുകളിലൂടെ സ്വകാര്യ ബസ്സ്റ്റാൻഡിലേക്കുള്ള പഴയ നടപ്പാത പൊളിച്ചുമാറ്റി പുതിയത് പണിയുന്നുണ്ട്. ഇതിനുള്ള ചട്ടക്കൂട് സ്ഥാപിച്ചു. നിലവിൽ മൂന്നു പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷനിൽ നാലും അഞ്ചും പ്ലാറ്റ്ഫോമുകളാണ് പുതുതായി പണിയുന്നത്.
ആറു ട്രാക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. ഒന്ന് ഗുഡ്സ് വാഗണുകൾക്കായാണ്. 600 മീറ്ററിലാണ് പാളം ഉയർത്തേണ്ടത്. പുതിയ പാളം സ്ഥാപിച്ചപ്പോൾ പഴയ പാളം അൽപം താഴ്ചയിലാണ്. ഈ വ്യത്യാസം നികത്തുന്നതിനാണ് പാളം ഉയർത്തുന്നത്. രണ്ടാമത്തെ പാളം സ്ഥാപിക്കൽ കാരിത്താസ് ജങ്ഷൻ മുതൽ സംക്രാന്തി വരെയും കുമാരനെല്ലൂർ മുതൽ കുടമാളൂർ ഗേറ്റ് വരെയും പൂർത്തിയായിട്ടുണ്ട്.
പണി നടക്കുന്നതിനാൽ കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പകൽ ട്രെയിൻ ഗതാഗതം തടഞ്ഞാണ് പണി നടത്തുന്നത്. ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെ 17 കിലോമീറ്ററാണ് പാത ഇരട്ടിപ്പിക്കുന്നത്.
2020ഓടെ പാത നിർമാണം പൂർത്തിയാക്കി ട്രെയിൻ ഗതാഗതം പൂർണമായി സാധ്യമാക്കാമെന്ന പ്രതീക്ഷയിലാണ് ജോലി ആരംഭിച്ചത്. സ്ഥലം ഏറ്റെടുക്കൽ വൈകിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.