പാലാ: വ്യാജ പ്രചാരണത്തെ തുടർന്ന് സഹകരണ ബാങ്കിങ് മേഖല പ്രതിസന്ധിയിൽ. ബാങ്കുകൾ പ്രതിസന്ധിയിലാണെന്നുള്ള പ്രചാരണം വ്യാജ കത്തുകളും നവമാധ്യമങ്ങളും വഴി നടത്തിവരുന്നതിൽ ആശങ്കപ്പെട്ട് നിക്ഷേപകർ കൂട്ടത്തോടെ ബാങ്ക് ശാഖകളിലേക്ക് ഒഴുകിയെത്തിയതിനെതുടർന്ന് പല ബാങ്കുകളും താൽക്കാലിക സാമ്പത്തിക പ്രതിസന്ധിയിലായി. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ വാക്പോരിനെ തുടർന്നുള്ള ആക്ഷേപവും ആരോപണവുമാണ് നിക്ഷേപം പിൻവലിക്കുന്നതിന് ഇടയാക്കിയതെന്ന് പറയപ്പെടുന്നു.
മീനച്ചിൽ താലൂക്കിലെ മിക്ക ബാങ്കുകളിലും ഇപ്പോൾ ഭരണസമിതി തെരഞ്ഞെടുപ്പ് സമയമാണ്. നിലവിൽ ഭരണസമിതിയിൽ ഇടം കിട്ടാത്തവരാണ് മത്സരരംഗം കൊഴുപ്പിക്കുവാൻ എതിർചേരിയിലേക്ക് ആരോപണങ്ങൾ അഴിച്ചുവിടുന്നതാണെന്നാണ് ആക്ഷേപം. സഹകരണ മേഖലയെ വൻ പ്രതിസന്ധിയിലാക്കി ആശങ്കയും ഭീതിയും സൃഷ്ടിക്കപ്പെട്ടതിനാൽ പല സ്ഥാപനങ്ങളിലും ജീവനക്കാർക്ക് ശമ്പളംവരെ മുടങ്ങുന്ന അവസ്ഥയിലാണ്. നിക്ഷേപകർക്ക് ഒരാശങ്കയും വേണ്ടെന്ന് ഭരണസമിതികളും വ്യക്തമാക്കി.
വായ്പ തുകക്ക് സർക്കാർ നിരവധിതവണ മോറട്ടോറിയം പ്രഖ്യപിക്കപ്പെട്ടതും വായ്പ തിരിച്ചടവ് തുടരെ മുടക്കിയതും ബാങ്കുകളെ ബുദ്ധിമുട്ടിച്ചു. ഏതാനും ബാങ്കുകളിൽ നടന്ന വായ്പ ക്രമക്കേടുകളും നിക്ഷേപകർക്ക് തുക പിൻവലിക്കുന്നതിന് അവസരമൊരുക്കി. ഇതിനിടെ വലിയ വായ്പകൾ തരപ്പെടുത്തി കുടിശ്ശിക വരുത്തിയവരും ശ്രദ്ധതിരിക്കുവാൻ സ്ഥാപനത്തിനെതിരെ പ്രചാരണം നടത്തുന്നതായും ആരോപണമുണ്ട്.
വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിക്ഷേപകരുടെ സംശയ ദുരീകരണത്തിന് സഹകരണവകുപ്പ് അടിയന്തര ഇടപെടൽ നടത്തണമെന്നും നിക്ഷേപ സുരക്ഷ ഉറപ്പുവരുത്തണമെന്നും പാലായിൽ ചേർന്ന നിക്ഷേപകരുടെയും സഹകാരികളുടെയും യോഗം ആവശ്യപ്പെട്ടു. ജയ്സൺ മാന്തോട്ടം അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.