കോട്ടയം: കാഞ്ഞിരം പാലത്തിന് കീഴിലെ ദുരിത ജീവിതത്തിൽനിന്ന് മോചനം, ഷാജിയും ഭാര്യയും ഇനി പുതിയ വീട്ടിലേക്ക്. യാക്കോബായ സഭ മുംബൈ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ അലക്സാന്ത്രയോസ് നിർമിച്ചുനൽകിയ വീടിെൻറ താക്കോൽ അദ്ദേഹത്തിെൻറ പിറന്നാൾ ദിനമായ വെള്ളിയാഴ്ച കുടുംബത്തിന് കൈമാറി. 51 ദിവസമാണ് ഇവർ പാലത്തിനുകീഴിൽ അരക്ഷിതാവസ്ഥയിൽ കഴിഞ്ഞത്. തിരുവാർപ്പ് പഞ്ചായത്തിൽ മലരിക്കൽ ജെ ബ്ലോക്ക് ഒമ്പതിനായിരം പാടശേഖരത്തിെൻറ പുറംബണ്ടിൽ താമസിച്ചിരുന്ന അടിവാക്കൽ ചിറ ഷാജിയുടെ വീട് മേയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളെപ്പാക്കത്തിലാണ് തകർന്നത്. വീടിെൻറ മേൽക്കൂരയടക്കം തകർന്നുവീണു. വീട്ടിൽനിന്ന് കുറച്ച് വസ്ത്രങ്ങളും പാത്രങ്ങളും മാത്രമാണ് എടുക്കാൻ കഴിഞ്ഞത്.
വീട്ടിലെ രണ്ട് നായ്ക്കളെയും കൂടെ കൂട്ടി പാലത്തിന് കീഴിൽ മഴയിൽനിന്ന് അഭയം തേടുകയായിരുന്നു. 'മാധ്യമം' വാർത്ത കണ്ടതിനെത്തുടർന്ന് തോമസ് മാർ അലക്സാന്ത്രയോസ് ഷാജിയെയും ഭാര്യ രജനിയെയും സന്ദർശിച്ച് വീട് നിർമിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തു. മൂന്നരയാഴ്ച കൊണ്ടാണ് പൂർത്തിയാക്കിയത്. തറയടക്കം തകർന്നുപോയിരുന്നു. അകത്ത് വെള്ളം കയറാത്ത തരത്തിൽ മണ്ണിട്ട് ഉയർത്തിയാണ് വീട് നിർമിച്ചത്. ഒരു വലിയ മുറിയും അടുക്കളയും അടങ്ങിയതാണ് വീട്. മുറി വേണമെങ്കിൽ രണ്ടായി തിരിക്കാം. മേൽക്കൂരയിൽ ഷീറ്റിട്ടു. പാടത്തിന് നടുവിലായതിനാൽ നിർമാണത്തിന് ഏറെ ബുദ്ധിമുട്ടി.
വാഹനം വരുന്ന റോഡിൽനിന്ന് ഒരു കിലോമീറ്റർ മാറിയാണ് വീട്. കല്ലും സിമൻറും അടക്കം നിർമാണ സാമഗ്രികൾ റോഡിൽ ഇറക്കിയശേഷം വള്ളത്തിലാണ് കൊണ്ടുവന്നത്. ചളി നിറഞ്ഞിരുന്നതിനാൽ വീടിനടുത്തേക്ക് വള്ളം അടുപ്പിക്കാനും കഴിഞ്ഞിരുന്നില്ല. തലച്ചുമടായി തൊഴിലാളികൾ എത്തിക്കുകയായിരുന്നു. വീടുനിർമാണത്തിന് കൊണ്ടുവന്ന സാമഗ്രികൾ ബാക്കി വന്നതുപയോഗിച്ച് നാട്ടുകാരും സൃഹൃത്തുക്കളും ചേർന്ന് കക്കൂസും നിർമിച്ചുനൽകാമെന്ന് ഏറ്റതോടെ വീടിെൻറ കാര്യത്തിൽ ഇനി ഇവർക്ക് ആശങ്കയില്ല. ഇതിനിടയിൽ ചികിത്സയും മരുന്നും മുടങ്ങിയതാണ് ഷാജിയെ അലട്ടുന്നത്. ട്രാക്ടർ ഡ്രൈവറായിരുന്ന ഷാജിക്ക് മൂന്നു വർഷം മുമ്പ് പക്ഷാഘാതം വന്നശേഷം ഇടത്തേ ൈകയും കാലും അനക്കാൻ കഴിയില്ല. വടി കുത്തിയാണ് നടക്കുന്നത്. മരുന്ന് മുടങ്ങാതെ കഴിക്കണം. ഇപ്പോൾ വരുമാനമില്ലാത്തതിനാൽ മരുന്ന് മുടങ്ങി. മരുന്നില്ലാതെ രാത്രി ഉറങ്ങാനാവില്ലെന്നതാണ് ഏറെ വിഷമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.