കോട്ടയം: ജീവിതശൈലി രോഗങ്ങൾക്കെതിരെ ബോധവത്ക്കരണവുമായി വെള്ളാവൂർ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ ഞായറാഴ്ച അമൃതം ഫുഡ് എക്സ്പോ നടത്തും. പഞ്ചായത്തിൽ നടപ്പിലാക്കുന്ന ‘കരുതൽ 2024’ പദ്ധതിയുടെ ഭാഗമായാണ് ഹെൽത്തി ഫുഡ് എക്സ്പോ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെ മണിമല കാർഡിനൽ പടിയറ പബ്ലിക്ക് സ്കൂളിൽ നടക്കുന്ന ഭക്ഷ്യമേള മുൻ ഡി.ജി.പി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും. വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ശ്രീജിത്ത് അധ്യക്ഷത വഹിക്കും. ഡയബറ്റോളജിസ്റ്റ് ഡോ. ടി.എം. ഗോപിനാഥപിള്ള ക്ലാസിന് നേതൃത്വം നൽകും. മേളയിൽ പങ്കെടുക്കുന്നവർക്കെല്ലാം ചെറുധാന്യങ്ങൾ ഉൾപ്പെടുത്തിയ ഉച്ചഭക്ഷണം നൽകും. ധാന്യവിഭവങ്ങളുടെ പ്രദർശനവും വിൽപനയും മേളയിലുണ്ടാകും. ജീവിതശൈലി രോഗങ്ങളുണ്ടാകാതെയും നിയന്ത്രിച്ചും ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ‘കരുതൽ 2024’ പദ്ധതിക്ക് തുടക്കമിട്ടതെന്ന് ഇവർ പറഞ്ഞു. ഈ പദ്ധതി സംബന്ധിച്ച് സംസ്ഥാന സർക്കാറിന്റെ നവകേരളസദസ്സിൽ കാഞ്ഞിരപ്പള്ളി സ്വരുമ സൊസൈറ്റി നിവേദനം സമർപ്പിച്ചിരുന്നു.
കരുതൽ 2024 പദ്ധതിയുടെ ഭാഗമായി വെള്ളാവൂർ പഞ്ചായത്തിലെ എട്ട്, 10 വാർഡുകളിൽ പ്രായപൂർത്തിയായവരുടെ രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, യൂറിയ, ക്രിയാറ്റിൻ എന്നിവ പരിശോധിച്ച് ജീവിതശൈലിയിലുണ്ടാവേണ്ട മാറ്റങ്ങൾ നിർദേശിക്കുകയും ചികിത്സ ആവശ്യമുള്ളവർക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലൂടെ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. ഇതിനൊപ്പമാണ് ചെറുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലെ നേട്ടം വ്യക്തമാക്കി ഭക്ഷ്യമേള നടത്തുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ശ്രീജിത്ത്, കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസ് കാൾട്ടെക്സ്, സൊസൈറ്റി സെക്രട്ടറി ജോയി മുണ്ടാംമ്പള്ളി, എക്സിക്യൂട്ടീവ് സെക്രട്ടറി സക്കറിയ എബ്രഹാം ഞാവള്ളിൽ, വെള്ളാവൂർ പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൻ ടി.കെ. ഷിനിമോൾ, പഞ്ചായത്തംഗം ബിനോദ്.ജി. പിള്ള, വെള്ളാവൂർ കുടുംബാംരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ബി. അരുൺ കൃഷ്ണ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.