കോട്ടയം: അതിരൂപതക്ക് ഒരു സഹായമെത്രാൻ കൂടി. മലങ്കര വിഭാഗം വികാരി ജനറാളും റാന്നി ക്നാനായ കത്തോലിക്ക പള്ളി വികാരിയുമായ ഫാ.ജോർജ് കുരിശും മൂട്ടിലിനെ സഹായമെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചു.
ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്ത്യൻ സമയം 3.30 ന് റോമിലും സീറോ മലബാർ സഭ മേജർ ആർച് ബിഷപ് മാർ ജോർജ് ആലഞ്ചേരി കാക്കനാട് മൗണ്ട് സെൻറ് തോമസിലും നിർവഹിച്ചു.
അതിരൂപതാദിനത്തോടനുബന്ധിച്ച് ശനിയാഴ്ച കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ നടന്ന കുർബാനമധ്യേ ആർച്ബിഷപ് മാർ മാത്യൂ മൂലക്കാട്ടും പുതിയ ഇടയെൻറ നിയമനവിവരം അറിയിച്ചു. അപ്പസ്തോലിക് ന്യൂൺഷേറ്ററിൽ നിന്നുള്ള നിയമന ഉത്തരവ് അതിരൂപത ചാൻസലർ ഡോ. ജോൺ ചേന്നാകുഴി വായിച്ചു. ഗീവർഗീസ് മാർ അപ്രേം എന്ന പേരിലാകും കലാകാരൻകൂടിയായ നിയുക്തമെത്രാൻ അറിയപ്പെടുക. മെത്രാഭിഷേകം പിന്നീട് നടക്കും.
2019 മുതൽ കോട്ടയം അതിരൂപതയിലെ ക്നാനായ മലങ്കര സമൂഹത്തിെൻറ വികാരി ജനറലായി പ്രവർത്തിക്കുന്ന ജോർജ് കുരിശുംമൂട്ടിൽ പത്തനംതിട്ട കറ്റോട് സ്വദേശിയാണ്.
കറ്റോട് സെൻറ് മേരിസ് മലങ്കര ക്നാനായ കത്തോലിക്ക ഇടവകയിലെ കുരിശുംമൂട്ടിൽ പരേതരായ അലക്സാണ്ടർ-അച്ചാമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനായി 1961 ആഗസ്റ്റ് ഒമ്പതിനാണ് ജനനം.
തിരുവല്ല എസ്.സി.എസ് സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം എസ്. എച്ച്. മൗണ്ട് മൈനർ സെമിനാരിയിൽ ചേർന്നു. തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും മംഗലാപുരം സെൻറ് ജോസഫ്സ് സെമിനാരിയിൽ പൂർത്തിയാക്കി.1987 ഡിസംബർ 28ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ മാർ കുര്യക്കോസ് കുന്നശ്ശേരിൽനിന്ന് പട്ടം സ്വീകരിച്ചു.
അതിരൂപത മൈനർ സെമിനാരി വൈസ് റെക്ടർ, ബംഗളൂർ ഗുരുകുലം വൈസ് റെക്ടർ എന്നീ ചുമതലകളിലും തുരുത്തിക്കാട്, ഇരവിപേരൂർ, ചിങ്ങവനം, കുറ്റൂർ, ഓതറ, തെങ്ങേലി, റാന്നി പള്ളികളിൽ വികാരിയായും അതിരൂപതയിലെ ഹാദൂസ ക്രൈസ്തവ കലാകേന്ദ്രത്തിെൻറ ഡയറക്ടറായും പ്രവർത്തിച്ചു. ലെബനോനിലെ (ക്ലാസിക്) മാറോണൈറ്റ് യൂനിവേഴ്സിറ്റിയിൽനിന്നും ഐക്കണോഗ്രാഫിയിൽ മാസ്റ്റർ ബിരുദം നേടിയിട്ടുള്ള ഫാ.ജോർജ് കാക്കനാട് മൗണ്ട് സെൻറ് തോമസ്, വടവാതൂർ സെമിനാരി, തിരുവല്ല സെൻറ് ജോൺസ് കത്തീഡ്രൽ ഉൾപ്പെടെയുള്ള ദേവാലയങ്ങളിൽ വരച്ച ചിത്രങ്ങൾ പ്രശസ്തമാണ്.
കോട്ടയം അതിരൂപത (മലങ്കര) മുൻ വികാരി ജനറൽ പരേതനായ ഫാ. തോമസ് കുരിശുംമൂട്ടിൽ ഇദ്ദേഹത്തിെൻറ പിതൃ സഹോദരനാണ്. മലങ്കര വിഭാഗത്തിെൻറ ചുമതലയായിരിക്കും നിയുക്ത മെത്രാന്. മാർ ജോസഫ് പണ്ടാരശ്ശേരിലാണ് നിലവിലുള്ള സഹായമെത്രാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.