കോട്ടയം: ഓഫിസ് ഫയലുകൾ കുന്നുകൂടിയ, പൊടിപിടിച്ച്, മാലിന്യം കൂടിക്കിടക്കുന്ന സർക്കാർ ഓഫിസുകൾക്ക് വിട. മുറികളിലും വരാന്തകളിലും പച്ചപ്പുനിറച്ച് അലങ്കാരച്ചെടികൾ, പ്ലാസ്റ്റിക്കിനെ പുറത്താക്കി കുടിവെള്ളം കൊണ്ടുവരാൻ സ്റ്റീൽ പാത്രങ്ങൾ, ജൈവ അജൈവ പാഴ്വസ്തുക്കൾ തരംതിരിച്ച് നിക്ഷേപിക്കാൻ ബിന്നുകൾ. ഇപ്പോൾ ഇതാണ് ജില്ലയിലെ സർക്കാർ ഓഫിസുകളിൽനിന്നുള്ള കാഴ്ച.
റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ 10,000 സർക്കാർ ഓഫിസുകൾ ഹരിത ഓഫിസുകളായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ഓഫിസുകൾ പച്ചപ്പിലേക്ക് മാറുന്നത്. ജില്ലയിൽ ഫോറസ്റ്റ് ഡിവിഷൻ ഓഫിസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസ്, ജില്ല ഓഡിറ്റ് ഓഫിസ്, ജില്ല സപ്ലൈ ഓഫിസ്, എസ്.പി ഓഫിസ്, ജില്ല ഹോമിയോ, ആയുർേവദ ആശുപത്രികൾ തുടങ്ങി നൂറിലേറെ സർക്കാർ ഓഫിസുകളാണ് നൂറിൽ നൂറു മാർക്കുമായി എ ഗ്രേഡ് നേടിയത്.
ഹരിതകേരള മിഷനും ശുചിത്വമിഷനും ചേർന്നാണ് ഹരിതപരിശോധന നടത്തുന്നത്. ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിെൻറ ഭാഗമായി ഈ ഓഫിസുകളിൽ പ്ലാസ്റ്റിക്കിലും തെർമോക്കോളിലും മറ്റും നിർമിച്ച എല്ലാ ഇനം ഡിസ്പോസബിൾ വസ്തുക്കളുടെയും ഉപയോഗം പൂർണമായി ഒഴിവാക്കി.
കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങളാണ് എല്ലാ ഓഫിസുകളിലും ഉപയോഗിക്കുന്നത്. ജൈവ അജൈവ പാഴ്വസ്തുക്കൾ തരംതിരിച്ച് നിക്ഷേപിക്കാൻ ബിന്നുകളും ഉപയോഗിക്കുന്നുണ്ട്. പരിമിത സ്ഥലത്ത് പൂന്തോട്ടവും പച്ചക്കറികൃഷിയുമുണ്ട്.
വൃത്തിയുള്ള ശുചിമുറിയും ഹരിത ഓഫിസുകളുടെ പ്രത്യേകതയാണ്. ഹരിതചട്ട പാലനത്തിെൻറ നിലവാരമനുസരിച്ച് എ, ബി, സി എന്ന് മൂന്ന് കാറ്റഗറികളിലായാണ് ഓഫിസുകളെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫിസുകളായി ഉള്‍പ്പെടുത്തുന്നത്. 90 ശതമാനത്തിലേറെ ഹരിതമാനദണ്ഡങ്ങൾ പാലിച്ച ഓഫിസുകൾക്കാണ് എ ഗ്രേഡ്.
ജീവനക്കാർ മുൻൈകയെടുത്താണ് ഇവയെല്ലാമൊരുക്കിയത്. തദ്ദേശ സ്ഥാപനങ്ങളിലും ഹരിത ഓഡിറ്റിങ് നടത്തിയിരുന്നു.
മികച്ച ഗ്രേഡിങ്ങിൽ എത്തിയ ഓഫിസുകൾക്ക് പുരസ്കാരം നൽകും. 100 ശതമാനത്തിൽ എത്താതെ അവശേഷിക്കുന്ന സ്ഥാപനങ്ങളിലും ഉടൻ ഹരിതചട്ടം ഉറപ്പുവരുത്താൻ പ്രവർത്തനം ഊർജിതമാക്കുമെന്ന് ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ പി. രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.