കോട്ടയം: നഗരത്തിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിവന്നിരുന്ന ഹരിയാന സ്വദേശി പിടിയിൽ. കോട്ടയം മൂലേടത്ത് വാടകക്ക് താമസിച്ചിരുന്ന ദേവേന്ദർ സിങ്ങിനെയാണ് (40) കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.വൈ. ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 20 കിലോയോളം വരുന്ന നൂറുകണക്കിന് ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തു. ഇതിന് മൂന്നുലക്ഷം രൂപ വിപണി വില കണക്കാക്കുന്നതായി എക്സൈസ് പറഞ്ഞു.
അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കോളനികളിലും ലേബർ ക്യാമ്പുകളിലും ഇയാൾ നിരോധിത പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. കോട്ടയം നഗരത്തിൽ ഇയാൾ പാൻ ഷോപ്പും നടത്തിവരുകയായിരുന്നു. എക്സൈസ് സംഘം ഇവിടെ ആവശ്യക്കാരായി എത്തുകയും ആളറിയാതെ ഇയാൾ ഇവർക്ക് ഹാൻസ് കൈമാറുകയായിരുന്നു. പ്രതിയുടെ പാൻ ഷോപ്പിൽനിന്നും താമസ സ്ഥലത്തുനിന്നുമാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ഇയാൾ ബംഗളൂരുവിൽനിന്ന് ചെറിയ വിലയിൽ പുകയില ഉൽപന്നങ്ങൾ വാങ്ങി വൻ ലാഭത്തിന് കോട്ടയം ടൗണിൽ വിൽപന നടത്തി വരുകയായിരുന്നുവെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അസി. എക്സൈസ് ഇൻസ്പെക്ടർ ടി. സബിൻ, പ്രിവന്റിവ് ഓഫിസർമാരായ ആർ.കെ. രാജീവ്, മനോജ് കുമാർ, സി. കണ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ രതീഷ് കെ. നാണു, എസ്. ശ്യാംകുമാർ, ലാലു തങ്കച്ചൻ, കെ.ജി. അമ്പിളി, പി.വി. സോണിയ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.