ഉന്നത വിദ്യാഭ്യാസ മേഖല ക്രിയാത്മകമാറ്റത്തിന്‍റെ വഴിയില്‍ -മന്ത്രി കെ.ടി. ജലീല്‍

കോട്ടയം: സംസ്ഥാനത്തെ ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മേഖലകള്‍ ക്രിയാത്മക മാറ്റത്തിന്‍റെ പാതയിലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍. കോട്ടയം നാട്ടകം ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ലാബ് ബ്ലോക്കിന്‍റെ ശിലാസ്ഥാപനവും ഫിറ്റ്നെസ് സെന്‍ററിന്‍റെ ഉദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ പോളി ടെക്നിക്ക് കോളേജുകളില്‍ നൂതന കോഴ്സുകള്‍ ആരംഭിക്കാനായതും ലാറ്ററല്‍ എൻട്രി സംവിധാനം ഏര്‍പ്പെടുത്തിയതും ശ്രദ്ധേയമായ നേട്ടമാണ്. എല്ലാ പോളി ടെക്നിക്കുകളിലും ഭൗതിക സാഹചര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്താന്‍ സാധിച്ചു. നാലു വര്‍ഷത്തിനിടെ ഈ മേഖലയില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതി ഫലത്തില്‍ നാടിന്‍റെ പുരോഗതിയാണ്. അധ്യാപകരും ജനപ്രതിനിധികളും നല്‍കിയ പിന്തുണ സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ നടപ്പാക്കുന്നതിന് ഏറെ സഹായകമായിട്ടുണ്ട് -മന്ത്രി പറഞ്ഞു.

ചടങ്ങില്‍ അധ്യക്ഷത വഹിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. തോമസ് ചാഴികാടന്‍ എം.പി ഓണ്‍ലൈനില്‍ മുഖ്യ പ്രഭാഷണം നടത്തി. പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വ്യോമസേനയില്‍ നിന്ന് ലഭിച്ച മിഗ്-23 എയര്‍ഫ്രെയിമിന്‍റെ പ്രദര്‍ശനോദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു.

മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍.സോന, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ അരുണ്‍ ഷാജി, കെ. ശങ്കരന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ടി.പി. ബൈജുബായ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ കെ.എം അബ്ദുള്‍ ഹമീദ്, എസ്.ഐ.ടി.ടി.ടി.ആര്‍ ജോയിന്‍റ് ഡയറക്ടര്‍ കെ.എം.രമേഷ്, ടെക്നിക്കല്‍ എക്സാമിനേഷന്‍ ജോയിന്‍റ് കണ്‍ട്രോളര്‍ ടി. സജി, പ്രിന്‍സിപ്പല്‍ സി.ജി അനിത, പി.ടി.എ വൈസ് പ്രസിഡന്‍റ് ബിജു ജോസഫ്, അലുംനി അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് പി.എസ്.ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    
News Summary - higher educaction sector highly changed-kt jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.