കോട്ടയം: ബിവറേജസിൽനിന്ന് മദ്യം വാങ്ങി ഡ്രൈ ഡേകളിൽ കൂടിയ വിലയ്ക്ക് വിറ്റ രണ്ടുപേർ പിടിയിൽ. കുന്ന തൃക്ക പുളിമൂട്ടിൽ കുഞ്ഞുമോൻ ചാക്കോ (43), പെരുമ്പായിക്കാട് കിഴക്കേ ശ്രീവിഹാർ ശ്രീജിത് (42) എന്നിവരെയാണ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റിവ് ഓഫിസർ ബി. ആനന്ദ് രാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 38 ലിറ്റർ വിദേശമദ്യവും പണവും ഓട്ടോയും പിടിച്ചെടുത്തു.
കുറെ വർഷങ്ങളായി ഇവർ ഓട്ടോയിൽ അനധികൃത സമാന്തര ലോക്കൽ ബാർ നടത്തിവരുകയായിരുന്നു. എക്സൈസ് വാഹനം കണ്ടാൽ മദ്യം വലിച്ചെറിഞ്ഞ് രക്ഷപ്പെടുന്നതിനാൽ നാളുകളായി പിടികൂടാൻ കഴിഞ്ഞിരുന്നില്ല. എക്സൈസ് ഉദ്യോഗസ്ഥർ വേഷം മാറി സ്ഥലക്കച്ചവടക്കാരെന്ന വ്യാജേന ഇവരെ സമീപിക്കുകയായിരുന്നു. ആളറിയാതെ ഇരട്ടി വിലയ്ക്ക് എക്സൈസുകാർക്ക് മദ്യം കൊടുത്ത പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു.
ഫോണിൽ വാട്സ്ആപ് സന്ദേശം അയച്ചാൽ പതിവുകാർക്ക് മദ്യം വീട്ടിലെത്തിച്ച് കൊടുക്കും ഇവർ. പണം ഗൂഗിൾ പേ ചെയ്ത് വാങ്ങും. അബ്കാരി നിയമപ്രകാരം 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇവർ ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു. പ്രിവന്റിവ് ഓഫിസർ ഗ്രേഡ് കെ.എൻ. അജിത് കുമാർ, സിവിൽ എക്സൈസ് ഓഫിസർ കെ.ജി. ജോസഫ്, എക്സൈസ് ഡ്രൈവർ സി.കെ. അനസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.