കോട്ടയം: കോവിഡും ലോക്ഡൗണും തകർത്ത ജലടൂറിസത്തെ കരകയറ്റുന്നതിന്റെ ഭാഗമായി ഉൾനാടൻ ജലഗതാഗത ടൂറിസം നൂനത ആശയങ്ങളുമായി രംഗത്ത്. ഇതിനായി ശിക്കാര വള്ളം ജില്ലയിലൊരുങ്ങി. ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പദ്ധതി. ജില്ലയുടെ പൈതൃക കേന്ദ്രങ്ങളിലൂടെ സർവിസ് നടത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കായൽപ്പരപ്പിലൂടെ വലിയ വള്ളങ്ങളും ബോട്ടുകളും ടൂറിസത്തിന്റെ ഭാഗമായി സർവിസ് നടത്തുന്നുണ്ടെങ്കിലും ഉൾനാടൻ ജലപാത പലപ്പോഴും ടൂറിസത്തിൽനിന്ന് വിട്ടുനിൽക്കുന്ന സ്ഥിതിയാണ്. ഇതിന് മാറ്റം വരുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.
സ്വകാര്യ വ്യക്തികളുടെ ശിക്കാര വള്ളങ്ങൾ ഉണ്ടെങ്കിലും ഗവ. തലത്തിൽ ആദ്യമായാണ് ഇത് സംവിധാനിക്കുന്നത്. നിലവിൽ രണ്ട് ശിക്കാര വള്ളങ്ങൾ എറണാകുളത്തുനിന്ന് കോടിമതയിലെ ബോട്ട് ജെട്ടിയിൽ എത്തിച്ചു. ജീവനക്കാരുൾപ്പടെ 20പേർക്ക് സഞ്ചരിക്കാവുന്ന ചെറിയ വള്ളമാണ് ശിക്കാരവള്ളം.
ഒരു സ്രാങ്ക്, മറ്റ് രണ്ട് ജീവനക്കാരും ഇതിലുണ്ടാകും. വീതി കുറഞ്ഞ പുരാതന ജലപാതകളിലൂടെ സർവിസ് നടത്താനാണ് പദ്ധതി. ഇതിനായുള്ള റൂട്ടും ക്രമീകരിച്ചു.
പരീക്ഷണാർഥം മാന്നാനം- കുമരകം റൂട്ടിലാണ് ശിക്കാര വള്ളം സർവിസ് നടത്തുന്നത്. സർവിസ് ക്രമീകരണം പരീക്ഷണ ഓട്ടത്തിനുശേഷം ആലോചിക്കുമെന്ന് അധികൃതർ പറഞ്ഞു. ആദ്യ സർവിസ് അധികം വൈകാതെ ആരംഭിക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.