കോട്ടയം: കോട്ടയം വഴിയുള്ള പാതയിരട്ടിപ്പിക്കൽ മാർച്ച് 31നുമുമ്പ് പൂർത്തിയാക്കാൻ റെയിൽവേ തീവ്രശ്രമത്തിൽ. 2021 ഡിസംബർ 31നുമുമ്പ് ഇരട്ടപ്പാത യാഥാർഥ്യമാകുമെന്ന പ്രഖ്യാപനം നടന്നില്ല. പിന്നീട് ഫെബ്രുവരിയിൽ പൂർത്തിയാക്കാമെന്നായിരുന്നു റെയിൽവേ നിർമാണവിഭാഗം വ്യക്തമാക്കിയിരുന്നത്.
എന്നാൽ, ഇത് തിരുത്തിയ റെയിൽവേ മാർച്ച് 31നകം ജോലി പൂർത്തിയാക്കുമെന്നാണ് ഇപ്പോൾ നൽകുന്ന ഉറപ്പ്. അടുത്തിടെ സംസ്ഥാനത്തെ എം.പിമാരുമായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ നടത്തിയ ചർച്ചയിൽ തോമസ് ചാഴികാടൻ ഇരട്ടപ്പാത വിഷയം ഉന്നയിച്ചിരുന്നു. ഇതിൽ ജനറൽ മാനേജറും മാർച്ചിനകം പണി പൂർത്തിയാകുമെന്ന് എം.പിക്ക് ഉറപ്പുനൽകിയിരുന്നു. ഏറ്റുമാനൂർ-ചിങ്ങവനം ഭാഗത്താണ് ഇനി ജോലി പൂർത്തിയാകാനുള്ളത്. ജോലി പകലും രാത്രിയുമായാണ് പുരോഗമിക്കുന്നത്.
കോട്ടയം റെയിൽവേ സ്റ്റേഷനും മുട്ടമ്പലം ലെവൽ ക്രോസിങ്ങിനും ഇടയിലെ രണ്ട് തുരങ്കത്തിന്റെ ചുറ്റുമുള്ള മണ്ണെടുപ്പ് അതിവേഗം പുരോഗമിക്കുകയാണ്. രാത്രിയും പകലും മണ്ണ് നീക്കുന്നുണ്ട്. ഫെബ്രുവരി ആദ്യവാരം ടണലിന്റെ വശങ്ങളിൽ മണ്ണുനീക്കിയ ഭാഗത്ത് ഭിത്തിയുടെ സംരക്ഷണത്തിന് കോൺക്രീറ്റ് സംരക്ഷണഭിത്തിയുടെ ജോലി ആരംഭിക്കും. നേരത്തേ തൊഴിലാളികൾക്ക് കോവിഡ് ബാധിച്ചാൽ ജോലി സ്തംഭിച്ചിരുന്നു. ഇത്തവണ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരണവും നടക്കുകയാണ്. സ്റ്റേഷനിലെ ഗുഡ്സ്ഷെഡ് ഭാഗത്തെ നവീകരണം മാർച്ച് ആദ്യം പൂർത്തിയാക്കും. ഒന്നാം പ്ലാറ്റ്ഫോമിലെ എസ്കലേറ്റർ ഫെബ്രുവരി 28നുമുമ്പ് കമീഷൻ ചെയ്യും.
ഇരട്ടപ്പാതയുടെ ഭാഗമായി പൊളിച്ച് പുനർനിർമിക്കുന്ന പൂവന്തുരുത്ത് മേൽപാലം മാർച്ച് പകുതിയോടെ തുറന്നുനൽകുമെന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.