കോട്ടയം: മഴക്കാലപൂർവ ശുചീകരണം മേയ് 20നകം പൂർത്തീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം. ശുചീകരണം വിലയിരുത്താൻ ഓൺലൈനായി ചേർന്ന ജില്ലതല യോഗത്തിലാണ് തീരുമാനം. പ്രവർത്തനം പൂർത്തീകരിക്കുന്നതിന് തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ് ഉത്തരവാദിത്തം. ഹോട്ട്സ്പോട്ടുകളിൽ ബോധവത്കരണവും മുൻകരുതൽ നടപടിയും സ്വീകരിക്കണം.
പൊതുയിടങ്ങൾ മാലിന്യമുക്തമാക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും ജലാശയങ്ങളിലെ നീരൊഴുക്ക് തടസ്സം നീക്കാനുമുള്ള പ്രവർത്തനം അടിയന്തരമായി പൂർത്തീകരിക്കണം. ഇതിനായി വാർഡുതല ശുചിത്വ സമിതികളുടെ പ്രവർത്തനം ഊർജിതപ്പെടുത്തണം. വീടുകൾ, സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ ഡ്രൈഡേ ആചരിക്കണം. ഉറവിട മാലിന്യനിർമാർജന പ്രവർത്തനം, ഓടകൾ വൃത്തിയാക്കൽ എന്നിവയും പൂർത്തീകരിക്കണം.
മാലിന്യക്കൂനകൾ, വെള്ളക്കെട്ട് സ്ഥലങ്ങൾ തുടങ്ങിയ പൊതുജനാരോഗ്യ പ്രശ്നമുള്ള സ്ഥലങ്ങളുടെ പട്ടിക തയാറാക്കണം. മാലിന്യ സംസ്കരണ രീതി പിന്തുടരാത്ത സ്ഥാപനങ്ങൾ, വീടുകൾക്കെതിരെ പൊതുജനാരോഗ്യനിയമ പ്രകാരം നിയമനടപടി സ്വീകരിക്കണം. അജൈവമാലിന്യ ശേഖരണത്തിന് ഹരിതകർമ സേന സന്ദർശിക്കുമ്പോൾ ജൈവമാലിന്യം വീടുകളിലും സ്ഥാപനങ്ങളിലും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് മനസ്സിലാക്കണം. മഴക്കാലപൂർവ ശുചീകരണത്തിനൊപ്പം ജൈവ-അജൈവമാലിന്യം കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ബോധവത്കരണം നൽകണം. ഇക്കാര്യം കൃത്യമായി കുടുംബശ്രീ നിരീക്ഷിക്കണം. ആവശ്യമെങ്കിൽ അതിനുള്ള പരിശീലനം ഹരിതകർമ സേനക്ക് നൽകണം.
മാലിന്യ സംസ്കരണം നടക്കാത്ത വീടുകൾ, സ്ഥാപനങ്ങളുടെ വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ ഫീൽഡുതല ഉദ്യോഗസ്ഥർ കണ്ടെത്തി തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് കൈമാറണം. ശുചിത്വ-മാലിന്യസംസ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനവും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി രണ്ടു ദിവസത്തിലൊരിക്കൽ വിലയിരുത്തണം.
തെറ്റായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്യുന്നവർക്കെതിരെ തദ്ദേശസ്വയംഭരണതല വിജിലൻസ് സ്ക്വാഡിന്റെ നേതൃത്വത്തിലും നിലവിലുള്ള ഉത്തരവുകളും ചട്ടങ്ങളും പ്രകാരവും നിയമനടപടി സ്വീകരിക്കണം. ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പ്രീ മൺസൂൺ പരിശോധന നടത്തണം. മിനി എം.സി.എഫിൽനിന്ന് എം.സി.എഫിലേക്ക് പാഴ്വസ്തുക്കൾ നീക്കാനുള്ള ട്രാൻസ്പോർട്ടേഷൻ പ്ലാനും ലിഫ്റ്റിങ് പ്ലാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയാറാക്കണം. മേയ് 15നകം മിനി എം.സി.എഫിൽനിന്ന് മാലിന്യം പൂർണമായി നീക്കണമെന്നും യോഗം നിർദേശിച്ചു.
ഗ്രാമപഞ്ചായത്തിനും നഗരസഭകൾക്കും മഴക്കാലപൂർവ ശുചീകരണത്തിന് വാർഡിന് 30,000 രൂപ വീതം ചെലവഴിക്കാം. 10,000 രൂപ വീതം ശുചിത്വ മിഷൻ, ദേശീയ ആരോഗ്യദൗത്യം, തനത്ഫണ്ട് എന്നിവയിലൂടെ ലഭിക്കും. കഴിഞ്ഞ രണ്ടു വർഷമായി ഹോട്ട്സ്പോട്ടായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ ശുചീകരണത്തിനായി കൂടുതൽ തുക ആവശ്യമെങ്കിൽ കൗൺസിലിന്റെ അംഗീകാരത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന് 10000 രൂപവരെ അധികം ചെലവഴിക്കാൻ ഭരണസമിതിക്ക് തീരുമാനമെടുക്കാം.
തദ്ദേശസ്വയം ഭരണ വകുപ്പ് ജോ. ഡയറക്ടർ ഷാജി ക്ലമന്റ്, ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ ലക്ഷ്മി പ്രസാദ്, മാലിന്യമുക്തം നവകേരളം ജില്ല കോഓഡിനേറ്റർ ടി.പി. ശ്രീശങ്കർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.