കോട്ടയം: കോട്ടയം- കുമളി (കെ.കെ. റോഡ്) റോഡ് വികസനത്തിന്റെ ഭാഗമായി മുണ്ടക്കയം മുതൽ കുമളി വരെ നവീകരിക്കുന്നു. 55.15 കിലോമീറ്റർ വരുന്ന മുണ്ടക്കയം-കുമളി റോഡ് വികസനത്തിനുള്ള അലൈന്‍മെന്റിന് ദേശീയപാത അതോറിറ്റി അംഗീകാരം നൽകി. കെ.കെ. റോഡ് ദേശീയപാത 183ന്റെ (കൊല്ലം-തേനി) ഭാഗമായതിനാൽ ദേശീയപാത അതോറിറ്റിയാണ് റോഡ് നവീകരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി കെ.കെ റോഡ് പൂർണമായി വികസിപ്പിക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. 2004ലാണ് കെ.കെ. റോഡിനെ ദേശീയപാതയായി ഉയർത്തിയത്.
116.8 കിലോമീറ്റർ ദൂരം വരുന്ന ഭരണിക്കാവ്- അടൂര്‍ - പ്ലാപ്പള്ളി - മുണ്ടക്കയം റോഡ് വികസനത്തിനുള്ള അലൈന്മെന്റും അംഗീകരിച്ചിട്ടുണ്ട്. ഇതും ദേശീയപാത അതോറിറ്റിക്കാണ് നിർമാണചുമതല.
ജങ്ഷനുകളുടെ നവീകരണം, വളവ് നിവർത്തൽ, ബസ് ബേ നിർമാണം, ആധുനിക ട്രാഫിക് മാർക്കിങ്ങുകൾ, ടേക്ക് എ ബ്രേക്ക് സംവിധാനം, പാർക്കിങ് സൗകര്യങ്ങൾ, സൗന്ദര്യവത്കരണ പ്രവൃത്തികൾ, മീഡിയനുകൾ എന്നിവയടങ്ങുന്ന ബൃഹത്തായ നവീകരണ പദ്ധതിയാണ് ഒരുങ്ങുന്നത്. 16 മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുക. ജങ്ഷനുകളുടെ നവീകരണവും പദ്ധതിയിലുണ്ട്.
കഴിഞ്ഞ ദിവസം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിൽ ഈ റോഡുകളുടെ പദ്ധതി രേഖ വേഗത്തില്‍ തയാറാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ സമ്മർദം ചെലുത്താൻ തീരുമാനിച്ചിരുന്നു. പദ്ധതിക്കുള്ള അംഗീകാരം നേടിയെടുക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വകുപ്പ് സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി. കണമല-എരുമേലി റോഡിലെ പെര്‍ഫോമെന്‍സ് ബേസ്ഡ് മെയിന്റ്നന്‍സ് കോണ്‍ട്രാക്ട് പ്രവൃത്തിയുടെ വിശദാംശങ്ങളും മന്ത്രി പരിശോധിച്ചു. ശബരിമല തീർഥാടനം ആരംഭിക്കും മുമ്പ് റോഡ് പൂർണ ഗതാഗത യോഗ്യമാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
വകുപ്പ് സെക്രട്ടറി കെ. ബിജു, അഡീഷനല്‍ സെക്രട്ടറി എ. ഷിബു, ചീഫ് എൻജിനിയർമാരായ അജിത് രാമചന്ദ്രന്, എം. അന്‍സാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.