കോട്ടയം: കോടിമത രണ്ടാംപാലത്തിന്റെ നിർമാണജോലികൾ പുനരാരംഭിച്ചു. അവശേഷിക്കുന്ന സ്പാനുകളുടെയും അപ്രോച്ച് റോഡിനായുള്ള അഞ്ച് ലാൻഡ് സ്പാനുകളുടെ പൈലിങ് ജോലികളാണ് ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് പൈലിങ് ജോലികൾ ആരംഭിച്ചത്. പാലത്തിന്റെ മൂന്ന് സ്പാനുകളിൽ രണ്ടെണ്ണം നേരത്തെ നിർമിച്ചിരുന്നു. 18 മാസം കൊണ്ട് ജോലി പൂർത്തിയാക്കുമെന്ന് കരാറുകാരൻ അറിയിച്ചു.
ജോലികൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം കാടുമൂടികിടന്നിരുന്ന പാലവും അപ്രോച്ച് റോഡും അനുബന്ധപ്രദേശങ്ങളും വൃത്തിയാക്കിയിരുന്നു. അപ്രോച്ച് റോഡിനാവശ്യമായ മണ്ണ് പാലത്തിനടുത്തേക്ക് എത്തിക്കാനായി പാതയും സജ്ജമാക്കിയിരുന്നു.
എം.സി റോഡ് നവീകരണഭാഗമായാണ് കോടിമതയിൽ നിലവിലെ പാലത്തിനൊപ്പം രണ്ടാമത്തേത് നിർമിക്കാൻ നടപടി തുടങ്ങിയത്. എന്നാൽ, വിവിധ കാരണങ്ങളാൽ നിർമാണം പാതിവഴിയിൽ നിലച്ചു. ഏഴുവർഷമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ പുനരാരംഭിക്കാൻ മാസങ്ങൾക്ക്മുമ്പ് മന്ത്രി മുഹമ്മദ് റിയാസും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും നടത്തിയ ചർച്ചയിൽ ധാരണയാവുകയായിരുന്നു. എസ്റ്റിമേറ്റും പുതുക്കി. തുടർന്ന് വിളിച്ച പുതിയ ടെൻഡറിൽ പഴയ കരാറുകാരൻ തന്നെ ജോലി ഏറ്റെടുക്കുകയായിരുന്നു.
12 മീറ്റർ വീതിയിലും 150 മീറ്റർ നീളത്തിലുമാണ് പുതിയ പാലം നിർമിക്കുന്നത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 15.49 കോടി രൂപ ചിലവഴിച്ചാണ് പാലം പൂർത്തിയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.