കോട്ടയം: പുതിയ ഡി.സി.സി പ്രസിഡൻറിനെ പ്രഖ്യാപിക്കാനിരിക്കെ, കോട്ടയത്തെ കോണ്‍ഗ്രസില്‍ തർക്കം രൂക്ഷം. ചേരിതിരിവിനിടെ േനതാക്കൾക്കെതിരെ ആക്ഷേപങ്ങളുമായി കോട്ടയം നഗരത്തിൽ പോസ്റ്ററുകൾ. അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് കോട്ടയം ഡി.സി.സി ഓഫിസിന് മുന്നിലും നഗരത്തിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
'സേവ് കോൺഗ്രസ്' എന്നപേരിലുള്ള പോസ്റ്ററുകളിൽ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ തലപ്പത്തേക്ക് കഞ്ചാവ് കടത്തും ചൂതാട്ടകേന്ദ്രവും നടത്തുന്നവനോ? ഉമ്മൻ ചാണ്ടി കോൺഗ്രസിെൻറ അന്തകനോ...? എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്. കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷും ഡി.സി.സി ജനറൽ സെക്രട്ടറി യൂജിൻ തോമസുമാണ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഇതിൽ കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് പുതിയ പ്രസിഡൻറാകുമെന്നാണ് സൂചന. ഇതിനിടെയാണ് ആക്ഷേപ പോസ്റ്ററുകൾ.
എന്നാൽ, നാട്ടകം സുരേഷിെൻറ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി ഇതുവരെ സമ്മതം മൂളിയിട്ടില്ല. സ്വന്തം ജില്ലയിലെ ഡി.സി.സി പ്രസിഡൻറിനെ തീരുമാനിച്ചത് തന്നോട് ആലോചിക്കാതെയാണെന്ന ആക്ഷേപമാണ് ഉമ്മൻ ചാണ്ടി ഉയർത്തുന്നത്.
കോട്ടയത്ത് ഉമ്മൻ ചാണ്ടിയുമായി കൂടിയാലോചന നടത്തി അദ്ദേഹത്തിെൻറ താൽപര്യമനുസരിച്ചാകും പ്രസിഡൻറിനെ നിശ്ചയിക്കുകയെന്ന ധാരണ കെ.പി.സി.സി അട്ടിമറിച്ചതയാണ് 'എ' ഗ്രൂപ്പിെൻറ പരാതി.
നേരത്തേ ഫില്‍സണ്‍ മാത്യൂസ്, യൂജിന്‍ തോമസ്, ജോമോന് ഐക്കര എന്നിവരുടെ പേരുകളായിരുന്നു 'എ'ഗ്രൂപ്പ് നിര്‍ദേശിച്ചത്. എന്നാല്‍, എ ഗ്രൂപ്പില്‍ വിള്ളലുണ്ടാക്കി പുതിയ ഒരാളെ പ്രസിഡൻറാക്കാന്‍ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ശ്രമം നടത്തിയിരുന്നു. ഇവർക്കൊപ്പം ചേർന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ, നാട്ടകം സുരേഷിനെ പ്രസിഡൻറ് സ്ഥാനത്തേക്ക് നിർദേശിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ ജില്ലയിലെ 'എ' വിഭാഗത്തിൽ ഉടലെടുത്ത ഭിന്നതയാണ് ഇതിലും പ്രതിഫലിച്ചത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ പിന്തുണയും നാട്ടകം സുരേഷിന് തുണയായി.
കെ.പി.സി.സി വൈസ് പ്രസിഡൻറ് പി.ടി. തോമസ് എം.എൽ.എയും നാട്ടകം സുരേഷിനായി രംഗത്തുണ്ടായിരുന്നു.
പ്രസിഡൻറ് സ്ഥാനം ഇത്തവണ ഐ വിഭാഗത്തിനുവേണമെന്നാവശ്യം രമേശ് ചെന്നിത്തലയും ഉന്നയിച്ചിരുന്നു.
കെ.പി.സി.സി സെക്രട്ടറി ഫിലിപ് ജോസഫ്, ബിജു പുന്നത്താനം എന്നിവരെയാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് 'ഐ' വിഭാഗം നിര്‍ദേശിച്ചത്. എന്നാൽ, ഗ്രൂപ് നേതൃത്വം നിര്‍ദേശിച്ച ആളുകളെ കൂടാതെ മറ്റ് പേരുകള്‍കൂടി കെ.പി.സി.സി ഉള്‍പ്പെടുത്തുകയും ഇത് ഹൈകമാൻഡിന് സമർപ്പിക്കുകയുമായിരുന്നു. ഇതിൽ അമര്‍ഷത്തിലാണ് എ, ഐ ഗ്രൂപ്പുകൾ.
ഇതിനിടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിെൻറ നേതൃത്വത്തില്‍ 'വി' ഗ്രൂപ്പും ജില്ലയില്‍ സജീവമാണ്. ജോസി സെബാസ്റ്റ്യനെ ഗ്രൂപ്പിന് അതീതമായി പ്രസിഡൻറാക്കണമെന്ന നിര്‍ദേശം ഇവർ ഹൈകമാന്‍ഡിന് മുന്നില്െവച്ചിട്ടുണ്ട്. ഗ്രൂപ്പിന് അതീതനായ ടോമി കല്ലാനിയെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നേതാക്കള്‍ കെ. സുധാകരനെയും ഹൈകമാന്‍ഡിനെയും സമീപിച്ചിട്ടുണ്ട്. സാധാരണ പ്രവർത്തകരിലേറെയും ടോമി കല്ലാനിയെ മടക്കിക്കൊണ്ടുവരണമെന്ന ആവശ്യമാണ് ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.