കോട്ടയം: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ രാമപുരം നാലമ്പല ദർശനവുമായി ബന്ധപ്പെട്ട് നടത്തിയ സർവിസുകളിൽ റെക്കോഡ് നേട്ടം. അരക്കോടിയാണ് വരുമാനം. നാലമ്പല തീർഥാടനം അവസാനിച്ചപ്പോൾ 172 ട്രിപ്പിലായി 7399 തീർഥാടകരാണ് ദർശനത്തിനായി ആനവണ്ടികളിലെത്തിയത്. വൈക്കം, വെഞ്ഞാറംമൂട്, മാവേലിക്കര ഡിപ്പോകളിൽനിന്നായിരുന്നു കൂടുതൽ സർവിസുകൾ രാമപുരത്തേക്ക് എത്തിയത്. ജൂലൈ 28ന് രാമപുരം ക്ഷേത്രദർശനത്തിന് ഭക്തരുമായി എത്തിയത്. 32 കെ.എസ്.ആർ.ടി.സി ബസുകളായിരുന്നു. ആദ്യമായിട്ടാണ് ഒറ്റദിവസം ഇത്രയും ബസുകൾ രാമപുരത്ത് എത്തിയത്.
രാമപുരം നാലമ്പലയാത്രയുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക പാക്കേജുകൾ തുടങ്ങിയത് 2022 ജൂലൈയിലായിരുന്നു. ആ വർഷം രണ്ട് ഡിപ്പോയിൽനിന്ന് ആറ് ട്രിപ്പാണ് നടത്തിയത്. 2023ൽ 70 ട്രിപ്പിലായി 3069 യാത്രികർ രാമപുരം നാലമ്പലദർശനം നടത്തി. 2024ലാണ് ഇത് 172 ട്രിപ്പായി ഉയർന്നത്. പാലക്കാട്ടുനിന്ന് ഇത്തവണ യാത്രക്കാർ ആനവണ്ടിയിൽ രാമപുരത്തെ ക്ഷേത്രങ്ങൾ സന്ദർശിക്കാനെത്തി. ഏട്ട് ജില്ലകളിലെ ഡിപ്പോകളിൽനിന്ന് ബസുകളെത്തി.
ബജറ്റ് ടൂറിസം കോട്ടയം-എറണാകുളം ജില്ല കോഓഡിനേറ്റർ പ്രശാന്ത് വേലിക്കകത്തിനായിരുന്നു നാലമ്പലയാത്രയുടെ ഏകോപന ചുമതല. പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും മുൻവർഷത്തെക്കാൾ 146 ശതമാനം അധിക ട്രിപ്പുകൾ നടത്താനും മികച്ച കലക്ഷൻ നേടിയെടുക്കാനും സാധിച്ചത് കൂട്ടായ പ്രയത്നത്തിന്റെ ഫലമാണെന്ന് പ്രശാന്ത് വേലിക്കകം പറഞ്ഞു. സോണൽ കോഓഡിനേറ്റർമാരായ ആർ. അനീഷ്, എസ്. സുമേഷ് കുമാർ എന്നിവരാണ് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.