കോട്ടയം: കേരള ടൂറിസത്തിെൻറ വാതിലുകൾ ഒക്ടോബർ ആദ്യവാരം തുറക്കാൻ സർക്കാർ ധാരണയായതോടെ, പ്രതീക്ഷയുടെ ഓളപ്പരപ്പിൽ കുമരകം. ഹൗസ്ബോട്ടുകൾ നിശ്ചലമായി ആറുമാസം പിന്നിടുേമ്പാഴാണ് ആശ്വാസവാർത്തയെത്തുന്നത്. കോവിഡ് ഭീതിനിറഞ്ഞതോടെ മാർച്ച് 10 മുതലാണ് കുമരകത്ത് ഹൗസ് ബോട്ടുകളുടെ സർവിസ് അവസാനിപ്പിച്ചത്.
അടുത്തമാസത്തോടെ ടൂറിസം കേന്ദ്രങ്ങൾ പൂർണതോതിൽ തുറക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വ്യക്തമാക്കിയത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച വിശദ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും ടൂറിസംവകുപ്പ് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീപാവലി അവധിക്കാലത്തേക്കുള്ള ബുക്കിങ് സ്വീകരിക്കാൻ മേഖല തുറക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് സി.ഐ.ഐ ആവശ്യപ്പെട്ടു.
ഡിസംബർ-ജനുവരി മാസങ്ങളിലേക്കുള്ള വിദേശസഞ്ചാരികളുടെ ബുക്കിങ് ഇപ്പോഴാണ് നടക്കേണ്ടത്. തുറക്കുന്ന കാര്യത്തിൽ വ്യക്തത വന്നാലേ ബുക്കിങ് എടുക്കാൻ കഴിയൂവെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനൊടുവിലാണ് സർക്കാർ തീരുമാനം വ്യക്തമാക്കിയത്.
പുതിയ തീരുമാനത്തോടെ ആവശ്യമായ മുൻകരുതൽ സ്വീകരിച്ച് വഞ്ചിവീടുകൾ വീണ്ടും ഒഴുകിപ്പരക്കാൻ തയാറെടുക്കുകയാണ്.
കടുത്ത നിയന്ത്രണങ്ങളിൽ ഇളവായതോടെ കഴിഞ്ഞദിവസങ്ങളിൽ ചെറിയതോതിൽ വേമ്പനാട്ട് കായലിൽ വഞ്ചിവീടുകൾ നീങ്ങിത്തുടങ്ങുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് റിസോർട്ടുകളിൽ സഞ്ചാരികളുടെ ചെറുസംഘങ്ങൾ എത്തുന്നുണ്ട്. ലോക്ഡൗൺ എത്തിയതോടെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന രണ്ടായിരത്തോളം പേരുടെ ജീവിതമാർഗമാണ് അടഞ്ഞത്.
ബോണസ് അടക്കം സ്ഥിരവരുമാനമുണ്ടായിരുന്ന ഹൗസ് ബോട്ടിലെ തൊഴിലാളികൾ മറ്റ് ജോലികൾ തേടേണ്ട സ്ഥിതിയായിരുന്നു. ശിക്കാര, സ്പീഡ് ബോട്ട് അടക്കമുള്ള ബോട്ടുകളും വിശ്രമത്തിലായിരുന്നു. മാർച്ച് മുതൽ മേയ് വരെയായിരുന്നു കുമരകത്തേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക്. മൺസൂൺ ടൂറിസത്തിന് ജൂൺ, ജൂലൈ മാസങ്ങളിലും വിദേശികൾ എത്തുന്നത് പതിവായിരുന്നു. ആഗസ്റ്റിൽ നെഹ്റുട്രോഫി വള്ളം കളി സമയത്തും കുമരകത്തേക്ക് സഞ്ചാരികൾ എത്തിയിരുന്നു. ഇതെല്ലാം കോവിഡ് കവർന്നു.
ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഫൈവ് സ്റ്റാർ ഡീലക്സ് അടക്കം 25 ഹോട്ടലുകളും റിസോർട്ടുമാണ് കുമരകത്തുള്ളത്. നിലവിൽ ചെറിയതോതിൽ വിവാഹങ്ങളും കുമരകത്ത് നടക്കുന്നുണ്ട്. 20 മുതൽ 50 പേർ വരെയാണ് വിവാഹത്തിൽ പരമാവധി പങ്കെടുക്കുക. സർക്കാർ നിർദേശങ്ങൾ പാലിച്ചാണ് വിവാഹങ്ങൾ. വീണ്ടും സഞ്ചാരികൾ എത്തുന്നത് കുമരകത്തിെൻറ ഗ്രാമീണമേഖലക്കും ഉണർവേകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.