കോട്ടയം: ജില്ല പഞ്ചായത്തിന്റെ പോളവാരൽ യന്ത്രം ഇപ്പോഴും കൊടൂരാറ്റിൽതന്നെ. മേയ് ഒമ്പതിന് ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയായിരുന്ന രാജശ്രീ രാജഗോപാലിന്റെ നേതൃത്വത്തിൽ യന്ത്രം കണ്ടെത്തി ഒന്നരമാസം പിന്നിട്ടിട്ടും ഇതുവരെ നന്നാക്കാൻ നടപടിയില്ല. യന്ത്രം നന്നാക്കൻ അഞ്ചുലക്ഷം രൂപ അനുവദിച്ചതായി ജില്ല പഞ്ചായത്ത് ഉദ്യോഗസ്ഥർ ലീഗൽ സർവിസ് അതോറിറ്റിയിൽ അറിയിച്ചിരുന്നു.
എന്നാൽ, അറ്റകുറ്റപ്പണി സംബന്ധിച്ച്, യന്ത്രം നിർമിച്ച കേളചന്ദ്ര മാനുഫാക്ചറിങ് യൂനിറ്റിനു നിർദേശങ്ങളൊന്നും നൽകിയിട്ടില്ല. 2018ലാണ് 48 ലക്ഷം രൂപ ചെലവിട്ട് ജില്ല പഞ്ചായത്ത് കേളചന്ദ്ര നിർമിച്ച ഒരു മണിക്കൂറിൽ അഞ്ച് ടൺ പോള വാരാൻ ശേഷിയുള്ള യന്ത്രം വാങ്ങിയത്. കൃഷി വകുപ്പാണ് യന്ത്രത്തിന്റെ കസ്റ്റോഡിയൻ. കുമരകത്തുവെച്ച് കേടായതിനെ തുടർന്ന് ഏറെനാൾ യന്ത്രം വെള്ളത്തിൽ കിടന്നു. തുടർന്ന് കോടിമതയിലെ മാനുഫാക്ചറിങ് യൂനിറ്റിലെത്തിക്കുകയായിരുന്നു.
പിന്നീട് അധികൃതരാരും തിരിഞ്ഞുനോക്കിയില്ല. 2022ൽ അവസാനം എസ്റ്റിമേറ്റ് തയാറാക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല. ഒടുവിലാണ് ലീഗൽ സർവിസ് അതോറിറ്റി യന്ത്രം തേടിയെത്തുന്നത്. നിലവിലെ അവസ്ഥയിൽ രണ്ടുമാസത്തെ അറ്റകുറ്റപ്പണിക്കു ശേഷമേ യന്ത്രം വെള്ളത്തിലിറക്കാനാവൂ. കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് യന്ത്രം കേടുവന്നതെന്ന് നിർമാതാവായ എൻജിനീയർ റോജൻ കോളശ്ശേരിൽ പറയുന്നു.
ഗ്രീസിങ്, റോളറുകൾ വൃത്തിയാക്കൽ എന്നിവ നാലുമണിക്കൂർ കൂടുമ്പോൾ ചെയ്യേണ്ടതാണ്. ഡ്രൈവർക്കും അസിസ്റ്റന്റിനും പരിശീലനം നൽകിയാണ് യന്ത്രം കൈമാറിയത്. അസിസ്റ്റന്റ് യന്ത്രം ഓടിച്ചപ്പോൾ തലകീഴായി മറിയുകയുണ്ടായി. ആഫ്രിക്കയിലേക്ക് ഇത്തരത്തിലുള്ള മൂന്നു യന്ത്രം കയറ്റിയയച്ചിരുന്നു. ഗുജറാത്ത്, ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊടൈക്കനാൽ, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയിടങ്ങളിലും റോജൻ നിർമിച്ച പോളവാരൽ യന്ത്രം ഉപയോഗിക്കുന്നുണ്ട്. കോട്ടയത്തെ ഈ യന്ത്രം മാത്രമാണ് ഉപയോഗശൂന്യമായതെന്നും റോജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.