കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ ഹരിതചട്ടം ഉറപ്പാക്കാൻ ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന തെരഞ്ഞെടുപ്പ് നോഡൽ ഓഫീസർമാരുടെയും അസി. റിട്ടേണിങ് ഓഫീസർമാരുടെയും യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്ത് മാത്രം 5000 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം ഈ തെരഞ്ഞെടുപ്പ് ഉൽപാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിലും ആനുപാതികമായി മാലിന്യം ഉൽപാദിപ്പിക്കപ്പെടും. ഇത് പരമാവധി കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. റിസപ്ഷൻ കേന്ദ്രങ്ങളിലും പോളിങ് സാമഗ്രികൾ വിതരണംചെയ്യുന്ന കേന്ദ്രങ്ങളിലും ഭക്ഷണപദാർഥങ്ങൾ പോളിങ് ജീവനക്കാർക്ക് നൽകുമ്പോൾ ഡിസ്പോസിബിൾ പാത്രങ്ങൾ കഴിയുന്നത്ര ഒഴിവാക്കണം. പ്രചാരണത്തിനുള്ള ഫ്ലെക്സുകളിലും പോസ്റ്ററുകളിലും അനുവദനീയമായവ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം.
പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, ഉദ്യോഗസ്ഥരെ പോളിങ് ജോലിക്ക് നിയോഗിക്കുന്ന റാൻഡമൈസേഷൻ നടപടികൾ, തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച രാഷ്ട്രീയപാർട്ടികൾക്കുള്ള ക്ലാസുകൾ എന്നിവയുടെ തിയതികൾക്ക് യോഗത്തിൽ രൂപംനൽകി. യോഗത്തിൽ സബ്കലക്ടർ ഡി.രഞ്ജിത്ത്, എ.ഡി.എം. ബീന പി. ആനന്ദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ടി.എസ്. ജയശ്രീ, നോഡൽ ഓഫീസർമാർ, അസി. റിട്ടേണിങ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.